Asianet News MalayalamAsianet News Malayalam

ദേശീയ പണിമുടക്കിനും കട തുറക്കും, സർക്കാർ നഷ്ടം നികത്തണമെന്ന് വ്യാപാരികൾ

ഹർത്താലിൽ വ്യാപാരികൾക്കുണ്ടായ 10 കോടി സാമ്പത്തികനഷ്ടവും 100 കോടി വ്യാപാരനഷ്ടവും സർക്കാർ നികത്തണം. ദേശീയ പണിമുടക്ക് ദിവസങ്ങളിലും വ്യാപാരികൾ കട തുറക്കും.

merchants will open their shops on national strike days too says merchants association
Author
Kozhikode, First Published Jan 4, 2019, 3:10 PM IST

കോഴിക്കോട്: ഈ മാസം 8, 9 തീയതികളിൽ സംയുക്തതൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. ഹർത്താൽ ദിവസം വ്യാപാരികൾക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്‍റ് ടി നസിറുദ്ദീൻ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്ത് നൽകും. അക്രമം അഴിച്ചുവിട്ട ബിജെപിക്കും ശബരിമല കർമസമിതിക്കുമെതിരെ രൂക്ഷവിമർശനമാണ് ടി നസിറുദ്ദീൻ ഉയർത്തിയത്.

വ്യാപാരികൾക്ക് ഹർത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ബിജെപി ഹർത്താലിന് തലേന്ന് അക്രമങ്ങളുടെ 'റിഹേഴ്സൽ' നടത്തുകയായിരുന്നെന്നും നസിറുദ്ദീൻ ആരോപിച്ചു. ഇതിലും വ്യാപാരികൾക്ക് ഭീമമായ നഷ്ടമുണ്ടായി. 

8, 9 തീയതികളിൽ നടക്കുന്ന പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഇത് ഹർത്താൽ ആക്കി മാറ്റരുത്. ഇനിയൊരു ഹർത്താൽ താങ്ങാനുള്ള കഴിവ് വ്യാപാരികൾക്കില്ല. അന്നേദിവസം കടകൾ തുറന്നു പ്രവർത്തിയ്ക്കും. 

ഹർത്താലിൽ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹർത്താലിൽ ആക്രമണം നടത്തിയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios