ഒന്നാം നമ്പര്‍ ഗോളിയില്ലെന്നതാണ് മെസിയും സംഘവും നേരിടുന്ന പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്.

ബ്രസീല്‍ ലോകകപ്പില്‍ ഫേവറിറ്റുകളെന്ന ലേബലുമായാണ് അര്‍ജന്‍റീന എത്തിയത്. പെരുമയ്ക്കൊത്ത പ്രകടനം നടത്തിയ മെസിയുടെ ഇന്ദ്രജാലത്തിലൂടെ കിരീടത്തില്‍ മുത്തമിടുമെന്ന് ഏവരും കരുതിയെങ്കിലും കയ്യെത്തും ദൂരെ അത് നഷ്ടമായി. ഇക്കുറി റഷ്യയില്‍ പന്തുരുളുമ്പോള്‍ ഫുട്ബോള്‍ മിശിഹയ്ക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല.

കിരീടം നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നിലെത്താന്‍ നീലപ്പടയ്ക്ക് സാധിച്ചിട്ടില്ല. കാല്‍പന്തുലോകത്തെ മാന്ത്രികനായ മെസിയുടെ സാന്നിധ്യം മാത്രമാണ് അര്‍ജന്‍റീനയെ എഴുതിതള്ളാതിരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. മെസി അത്ഭുതം കാട്ടിയില്ലെങ്കില്‍ അര്‍ജന്‍റീനയ്ക്ക് കണ്ണീരണിഞ്ഞ് മടങ്ങേണ്ടി വരും.

കരുത്തിനെക്കാള്‍ ദൗര്‍ബല്യങ്ങളാണ് സാംപോളിയുടെ സംഘത്തില്‍ നിഴലിച്ച് കാണുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം. വിമര്‍ശനങ്ങള്‍ കാര്യമില്ലെന്ന് കടുത്ത ആരാധകര്‍ പോലും പറയില്ല. 

അര്‍ജന്‍റീനയുടെ 5 ദൗര്‍ബല്യങ്ങള്‍

1) മെസിയെ മാത്രം ആശ്രയിച്ചുള്ള കളി. മെസിയില്ലാതെ സ്പെയിനിനെതിരെ കളിച്ചപ്പോള്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 

2) വയസന്‍ പടയെന്ന വിമര്‍ശനമാണ് അര്‍ജന്‍റീന നേരിടുന്നത്. ലോകകപ്പ് കളിക്കുന്ന താരങ്ങളുടെ ശരാശരി പ്രായം പരിശോധിച്ചാല്‍ അര്‍ജന്‍റീന ഒട്ടും പിറകിലല്ല.

3) ഒന്നാം നമ്പര്‍ ഗോളിയില്ലെന്നതാണ് മെസിയും സംഘവും നേരിടുന്ന പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്. ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പ്രയാണത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന സെര്‍ജിയോ റോമേരോ പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിയാകുകയാണ്. റൊമേറോയ്ക്ക് പകരമെത്തിയ നാഹുവല്‍ ഗുസ്മാനും മറ്റ് ഗോള്‍കീപ്പര്‍മാരായ വില്ലി കാബെല്ലറോയും ഫ്രാങ്കോ അര്‍മാനിയും വലിയ മത്സരങ്ങളില്‍ വേണ്ടത്ര വല കാത്തിട്ടില്ല.

4) ഗോളടിക്കാന്‍ മറക്കുന്ന മുന്നേറ്റ നിരയാണ് പ്രധാന പ്രശ്നങ്ങളില്‍ മറ്റൊന്ന്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത് വലയിലാക്കാന്‍ ഹിഗ്വയ്ന് സാധിച്ചിരുന്നെങ്കില്‍ കിരീടം ബ്യൂണസ് ഐറിസില്‍ എത്തുമായിരുന്നെന്ന് ഇന്നും ആരാധകര്‍ വിശ്വസിക്കുന്നു. ഇക്കുറിയും സ്ഥിത വ്യത്യസ്തമല്ല. ഹിഗ്വയ്നും അഗ്യൂറോയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് മത്സരഫലത്തെ സ്വാധീനിക്കും.

5) പൗളോ ഡിബാലയ്ക്ക് ടീമില്‍ സ്ഥിര സാന്നിധ്യമാകാനായിട്ടില്ല. മെസി കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുള്ള അര്‍ജന്‍റീനന്‍ താരങ്ങളിലൊരാളാണ് ഡിബാല. എന്നാല്‍ യുവന്‍റസിനു വേണ്ടി നടത്തുന്ന പ്രകടനം അര്‍ജന്‍റീനയ്ക്കുവേണ്ടി പുറത്തെടുക്കാന്‍ ഡിബാലയ്ക്ക് സാധിച്ചിട്ടില്ല.