ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട

മോസ്കോ: റഷ്യന്‍ ലോകകപ്പ് കലാശപോരാട്ടത്തിന് കിക്കോഫിന് കാത്ത് നില്‍ക്കുകയാണ് ആരാധകരും താരങ്ങളും. ആവേശപോരാട്ടം 32 ടീമുകളില്‍ നിന്ന് 2 ല്‍ എത്തി നില്‍ക്കുമ്പോള്‍ പട്ടാഭിഷേകത്തിനായി ഫ്രാന്‍സും ക്രൊയേഷ്യയും പോരടിക്കും. അതിനിടയിലാണ് ലിയോണല്‍ മെസിയെ വാഴ്ത്തി ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ രംഗത്തെത്തിയത്.

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. കാല്‍പന്തുലോകത്തെ മാന്ത്രികനും മിശിഹയുമായ ലിയോണല്‍ മെസി ഇതിഹാസ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്ക്ക് ഇത്തവണ മികച്ച പ്രകടനം കാട്ടാനായില്ലെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. അതേസമയം വ്യക്തിപരമായി മെസി തനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തെന്നും അദ്ദേഹം ചൂണ്ടികാട്ടി. അര്‍ജന്‍റീന ടീമിനെ മെസിയുടെ നിലവാരത്തിലെത്താന്‍ സാധിക്കാത്തതാണ് തിരിച്ചടിയുടെ കാരണം.

ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുടെ പ്രതിരോധം നിലവാരമില്ലാത്തതായിരുന്നെന്നും മറിച്ചായിരുന്നെങ്കില്‍ കലാശക്കളിയില്‍ ഇടം നേടാമായിരുന്നെന്നും ഫിഫ തലവന്‍ അഭിപ്രായപ്പെട്ടു.

പ്രതിഭയുടെ ധാരാളിത്തമുള്ള താരമാണ് നെയ്മറെന്നും റഷ്യയില്‍ താരം മികച്ച പ്രകടനം കാട്ടിയെന്നും ഇന്‍ഫാന്റിനോ ചൂണ്ടികാട്ടി. അടുത്ത ലോകകപ്പില്‍ അര്‍ജന്‍റീനയും ബ്രസീലും വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.