മലയാളികളായ ആരാധകരെയും ഉള്‍പ്പെടുത്തി മെസിയുടെ വീഡിയോ

മലപ്പുറം: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളാണ് ലിയോണല്‍ മെസി. ഫുട്ബോള്‍ അറിയാവുന്നവരും അല്ലാത്തവരുമെല്ലാം മെസിയുടെ ആരാധകരുടെ പട്ടികയിലുണ്ടാകും. മലയാളികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ബ്രസീല്‍ ആരാധകര്‍ പോലും മെസിയുടെ ആരാധകരാണെന്ന് സമ്മതിക്കും.

ഇപ്പോഴിതാ മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഫുട്ബോള്‍ രാജാവ്. ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീന കപ്പടിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോ ആണ് സംഭവം. മലയാളികളായ ആരാധകരെയും ഉള്‍പ്പെടുത്തിയാണ് മെസി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അര്‍ജന്‍റീനയ്ക്ക് ആവേശം പകരാനായി തയ്യാറാക്കിയ വീഡിയോ മെസി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് അര്‍ജന്‍റീനയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയിലുള്ളത്. 22 സെക്കന്റ് ദൈര്‍ഘ്യം വീഡിയോയ്ക്കുണ്ട്.