ബാഴ്സയുടെ വലത് വിംഗ് മോശമാണെന്ന് മെസി പരിശീലകനോട് പരാതിപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്
ന്യൂക്യാമ്പ്: ലോകകപ്പിലെ പരാജയത്തിന്റെ വേദനയില് നിന്ന് ലിയോണല് മെസി ക്ലബ് ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകകപ്പിലെ നിരാശ മറക്കാന് ബാഴ്സലോണയെ ശക്തിപ്പെടുത്തി കിരീട നേട്ടങ്ങള് കൊഴ്തെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ഇതിഹാസ താരമെന്നാണ് റിപ്പോര്ട്ടുകള്.
കഴിഞ്ഞ സീസണില് ലാലിഗ ചാമ്പ്യന്മാരായെങ്കിലും ബാഴ്സയ്ക്ക് കുറെക്കാലമായി ചാമ്പ്യന്സ് ലീഗ് കിട്ടിക്കനിയാണ്. ഇക്കുറി അതിന് മാറ്റം വരുത്താനുള്ള ദൃഢനിശ്ചയത്തിലാണ് അര്ജന്റീനയുടെ പടനായകന്. ഇനിയെസ്റ്റയെ പ്രായം ബാധിച്ചതും സാവി ബാഴ്സ വിട്ടതുമൊക്കെയാണ് ചാമ്പ്യന്സ് ലീഗില് മെസിപ്പടയുടെ മുന്നേറ്റത്തിന് തിരിച്ചടിയായത്.
വരാനിരിക്കുന്ന സീസണില് റയലടക്കമുള്ള വമ്പന്മാരെ വീഴ്ത്തി കിരീടം നേടാനായില്ലെങ്കില് തന്റെ പ്രതിഭ തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന ഭയം മെസിക്കുണ്ട്. മിഡ് ഫീല്ഡില് കളി മെനയാന് ശേഷിയുള്ള രണ്ട് താരങ്ങളെയാണ് മെസി നോട്ടമിട്ടിരിക്കുന്നത്. ഫ്രാന്സിന്റെ മിഡ് ഫീല്ഡ് ജനറലായി കളം വാഴുന്ന മാഞ്ചസ്റ്റര് താരം പോള് പോഗ്ബയാണ് ആദ്യത്തെയാള്. ബ്രസീലിന്റെയും ചെല്സിയുടെയും സൂപ്പര് താരമായ വില്യാനാണ് മെസി വേണമെന്ന് ആവശ്യപ്പെടുന്ന രണ്ടാമത്തെ താരം. ഇവരിലൊരാളെ ന്യൂക്യാമ്പിലെത്തിച്ചില്ലെങ്കില് ബാഴ്സലോണയില് തുടരില്ലെന്ന് മെസി ഭീഷണി മുഴക്കിയതായി റിപ്പോര്ട്ടുകളുണ്ട്.
ബാഴ്സയുടെ വലത് വിംഗ് മോശമാണെന്ന് മെസി പരിശീലകനോട് പരാതിപ്പെട്ടതായി അധികൃതര് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി വില്യാനെ എത്തിക്കണമെന്നാണ് മെസിയുടെ നിലപാട്. ഗ്രീസ്മാന് ബാഴ്സയിലെത്തില്ലെന്ന് ഉറപ്പായതോടെയാണ് പോഗ്ബയ്ക്ക് വേണ്ടി മെസി വാശിപിടിക്കുന്നത്. എന്തായാലും ട്രാന്സ്ഫര് ജാലകത്തിലെ ഏറ്റവും വിലയേറിയ താരങ്ങളുടെ പട്ടികയില് പോഗ്ബയും വില്യാനുമുണ്ട്. മെസിയുടെ ആവശ്യം ബാഴ്സലോണ നിരാകരിക്കാന് സാധ്യതയില്ലാത്തതിനാല് ഇവരിലൊരാള് പുതിയ സീസണില് മെസിക്കൊപ്പം പന്തുതട്ടാനെത്തുമെന്നാണ് സൂചന.
