കൊച്ചി: മെത്രാൻ കായലിൽ കൃഷിയിറക്കാനുള്ള സർക്കാർ നീക്കത്തിന് തടയിടാൻ ഗൂഢ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി മെത്രാൻ കായൽ പ്രക്ഷോഭ സംരക്ഷണ സമിതി. ഹൈക്കോടതിയിലുൾപ്പടെ കേസുകൾ എത്തുന്നത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നും സമിതി ആരോപിക്കുന്നു.
മെത്രാൻ കായലിൽ വെള്ളം വറ്റിച്ച് കൃഷിയിറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിടെയാണ് , വെള്ളം വറ്റിച്ചാൽ മത്സ്യ സമ്പത്ത് നശിക്കുമെന്ന പരാതിയുമായി ആലപ്പുഴ സ്വദേശി കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ ഒന്നിന് മെത്രാൻ കായലിൽ വിത്തിറക്കാനുള്ള സർക്കാർ ശ്രമത്തിന് തടയിടാനുള്ള ഗൂഢ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന് മെത്രാൻ കായൽ പ്രക്ഷോഭ സംരക്ഷണ സമിതി ആരോപിക്കുന്നു.
സർക്കാര്‍ ഹൈക്കോടതിയിൽ മത്സ്യ സമ്പത്ത് നശിക്കുമെന്നത് മിധ്യാധാരണയാണെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർച്ചിച്ചിട്ടുണ്ട്. പുറം ബണ്ട് നിർമ്മാണവും , മട സ്ഥാപിക്കലും , പമ്പ് ഹൗസ് നിർമ്മാണവും ഉൾപ്പടെ 6.28 കോടിയുടെ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് കേസ് കോടതിയിൽ എത്തിയത്.
