Asianet News MalayalamAsianet News Malayalam

#മീടൂ ആരോപണം: എം.ജെ.അക്ബർ മാനനഷ്ടക്കേസ് നൽകി

വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ തനിയ്ക്കെതിരെ ലൈംഗികപീഡന ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി. മീടൂ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവർത്തകയ്ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

MeToo MJ Akbar files defamation case against journalist Priya Ramani
Author
Delhi, First Published Oct 15, 2018, 4:09 PM IST

ദില്ലി: വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ തനിയ്ക്കെതിരെ ലൈംഗികപീഡന ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി. മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്ന് തുറന്ന് പറ‍ഞ്ഞ മുൻ ഏഷ്യൻ ഏജ് മാധ്യമപ്രവർത്തക പ്രിയാ രമണിയ്ക്കെതിരെയാണ് എം.ജെ.അക്ബർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. 

പ്രിയാ രമണിയ്ക്ക് പിന്നാലെ മറ്റ് രണ്ട് വനിതാ മാധ്യമപ്രവർത്തകർ കൂടി എം.ജെ.അക്ബറിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ എം.ജെ.അക്ബർ മാധ്യമപ്രവർത്തകരുടെ വാദങ്ങൾ കള്ളമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതികരിച്ചത്. പ്രശസ്തർക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് പകർച്ചപ്പനി പോലെ പടരുകയാണെന്നും ഇത് പ്രശസ്തിയ്ക്ക് വേണ്ടിയാണെന്നും അക്ബർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജിയ്ക്കായി സമ്മർദ്ദം മുറുകുമ്പോഴും ഇന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിളിച്ചുചേർത്ത യോഗത്തിലടക്കം ഇന്ന് എം.ജെ.അക്ബർ പങ്കെടുത്തിരുന്നു. ആരോപണങ്ങളുടെ പേരിൽ രാജി വയ്ക്കേണ്ടതില്ലെന്നാണ് അക്ബറിന്‍റെ നിലപാട്. എന്നാൽ പോരാട്ടം തുടരുമെന്ന് ലൈംഗികപീഡനം തുറന്നുപറ‍ഞ്ഞ മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. പൊലീസിൽ പരാതിപ്പെടാനുള്ള നടപടികളും മാധ്യമപ്രവർത്തകർ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി സുഷമാസ്വരാജും ബിജെപിയും ഇക്കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്.
 

Follow Us:
Download App:
  • android
  • ios