വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ അപരിചിതയായ നഴ്സിനെ ചുംബിച്ച് രണ്ടാംലോക യുദ്ധമവസാനിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച യുഎസ് നാവികന്‍റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. ചുവന്ന മഷിയില്‍ 'മീ ടു' എന്ന ഹാഷ്ടാഗോടുകൂടി നഴ്സിന്‍റെ കാലില്‍ എഴുതിവെച്ചാണ് ഫ്ലോറിഡയില്‍ സ്ഥാപിച്ച പ്രതിമ നശിപ്പിക്കാന്‍ ശ്രമം. നാവികന്‍ ജോര്‍ജ് മെന്‍ഡോസ വിടവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. 

സമ്മതമില്ലാതെ അജ്ഞാതയായ സ്ത്രീയെ ചുംബിച്ച നാവികന്‍റെ പ്രവൃത്തി ലൈംഗികാതിക്രമമെന്ന് കാണിച്ചാണ് പ്രതിമയില്‍ മഷിയൊഴിച്ചത്. ഈ മേഖലയില്‍ നിരീക്ഷണ ക്യാമറയില്ലാത്തതിനാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1000 ഡോളറിന്‍റെ നഷ്ടം സംഭവിച്ചതായാണ്  കണക്കാക്കുന്നത്. 

പ്രതിമയുടെ സമീപത്തുനിന്ന് പെയിന്‍റിന്‍റെ കുപ്പികളും കണ്ടെടുത്തു. ആല്‍ഫ്രഡ് എയ്സന്‍സ്റ്റെഡ്  എന്ന ഫോട്ടോഗ്രഫര്‍ ചിത്രം പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.