കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ ആയിരിക്കും പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. 

ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോ പ്രദേശത്തെ ക്രമസമാധാന പാലനത്തിനായുള്ള കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും. കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ ആയിരിക്കും പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. നിലവില്‍ മെട്രോ ട്രെയിനുകളിലോ സ്റ്റേഷനുകളിലോ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അതത് പ്രദേശത്തെ പോലീസ് ആണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ പുതിയ സ്റ്റേഷന്‍ വരുന്നതോടെ മെട്രോ ട്രെയിന്‍, റെയില്‍, സ്റ്റേഷന്‍, മുട്ടം യാര്‍ഡ്, എന്നിവിടങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ മെട്രോ സ്റ്റേഷന്‍ പരിധിയില്‍പെടും. 

നിലവില്‍ കൊച്ചി സിറ്റി പോലീസില്‍ ജോലി നോക്കുന്ന ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെയായിരിക്കും മെട്രോ പോലീസ് സ്റ്റേഷനില്‍ നിയമിക്കുക. മെട്രോ ട്രെയിനുകളില്‍ നടക്കാവുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുറമേ സ്‌ഫോടക വസ്തുക്കള്‍ തിരിച്ചറിയുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ആയിരിക്കും മെട്രോ പോലീസ് സ്റ്റേഷനില്‍ നിയമിക്കുക. ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 29 പേര്‍ക്കാണ് ഇവിടെ നിയമനം നല്‍കുക. ഇതില്‍ 13 പേര്‍ വനിതകള്‍ ആയിരിക്കും.