നിലവില്‍ രണ്ടു ട്രെയിനുകള്‍ മാത്രമാണ് ഈ സംവിധാനം ഉപയോഗിച്ചു സര്‍വീസ് നടത്തുന്നത്
കൊച്ചി: കൊച്ചി മെട്രോ ഓട്ടോ പൈലറ്റ് സംവിധാനത്തിലേക്ക് ചുവടു മാറുന്നു. ആലുവ-മഹാരാജാസ് ഗ്രൗണ്ട് റൂട്ടിലുള്ള എല്ലാ ട്രെയിനുകളും താമസിയാതെ ഈ സംവിധാനത്തിലേക്ക് മാറ്റാനാണ് കെഎംആര്എല്ലിന്റെ തീരുമാനം.
ആള്സ്റ്റോം നിര്മിച്ച എല്ലാ മെട്രോ ട്രെയിനുകളിലും ലോക്കോ പൈലറ്റ് ഇല്ലാതെ ഓടാനുള്ള സംവിധാനം ഉണ്ടെങ്കിലും നിലവില് രണ്ടു ട്രെയിനുകള് മാത്രമാണ് ഈ സംവിധാനം ഉപയോഗിച്ചു സര്വീസ് നടത്തുന്നത്. കഴിഞ്ഞ മൂന്നു ആഴ്ച്ചയായി പരീക്ഷണാടിസ്ഥാനത്തിലാണ് ട്രെയിനുകളിലുള്ള ഓട്ടോ പൈലറ്റ് സംവിധാനം കെഎംആര്എല് നടപ്പിലാക്കിയത്.
എന്നാല് ഏറെ താമസിയാതെ ഇപ്പോള് സര്വീസ് നടത്തുന്ന 10 ട്രെയിനുകളും ഓട്ടോ പൈലറ്റ് സംവിധാനത്തില് ഓടിക്കാനാണ് കെഎംആര്എല്ലിന്റെ തീരുമാനം.
ഓട്ടോമാറ്റിക് സംവിധാനത്തില് ഓടുമ്പോഴും ട്രെയിനുകളില് ലോക്കോ പൈലറ്റ് അല്ലെങ്കില്ട്രെയിന് കണ്ട്രോളര് ഉണ്ടാകും. മുഴുവന് സമയവും ഓട്ടോ പൈലറ്റ് സംവിധാനത്തില് ട്രെയിന് ഓടിക്കാന് സാധിക്കില്ലാത്തതിനാലും എന്തെങ്കിലും അത്യാവശ്യ സന്ദര്ഭം വന്നാല് വാഹനം നിയന്ത്രിക്കണം എന്നതിനാലുമാണിത്. ഏതു സമയത്തും സാഹചര്യത്തിലുമാണ് ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുവാന് സാധിക്കുക എന്നത് കെഎംആര്എല് ആണ് തീരുമാനിക്കുക.
നിലവില് 10 ട്രെയിനുകളാണ് ആലുവ മുതല് മഹാരാജാസ് ഗ്രൗണ്ട് വരെ സര്വീസ് നടത്തുന്നത്. ഇതോടെ എട്ടര മിനിട്ടിന് പകരം ഏഴു മിനിറ്റ് ഇടവിട്ട് ട്രെയിനുകള് സര്വീസ് നടത്താന് ആരംഭിച്ചു. പേട്ട വരെയുള്ള ട്രാക്ക് പണി തീരുമ്പോഴേക്കും ട്രെയിനുകളുടെ എണ്ണം 25 ആക്കാനാണ് കെഎംആര്എല് ആലോചിക്കുന്നത്. ഇതില് 16 ട്രെയിനുകള് ആള്സ്റ്റോം പണിതീര്ത്തു കെഎംആര്എല്ലിനു കൈമാറിയിട്ടുണ്ട്.
