ഒച്ചാവോയെ മറികടക്കുക എന്നത് ബ്രസീലിന് വലിയ വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
മോസ്കോ; റഷ്യന്‍ ലോകകപ്പില്‍ കിരീടം തേടിയെത്തിയ ബ്രസീല്‍ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുകയാണ്. കരുത്തരായ മെക്സിക്കോയാണ് എതിരാളികളെന്നത് ബ്രസീല്‍ ക്യാംപില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ചാമ്പ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തിയ ടീം എന്നതു തന്നെയാണ് ബ്രസീലിന്‍റെ ആശങ്കയുടെ അടിസ്ഥാനം., എന്നാല്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രസീല്‍ ആദ്യ ഇലവന്‍ പ്രഖ്യാപിച്ചു.
4-3-3 എന്ന പരമ്പരാഗത ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയിരിക്കുന്നത്. മുന്നേറ്റത്തില്‍ നെയ്മറും ജീസസും വില്യാനും അണിനിരക്കുമ്പോള്‍ ഏത് വമ്പന്‍ പ്രതിരോധ നിരയും ആടി ഉലയും. മധ്യ നിരയില്‍ കുട്ടീന്യോ, പൗളിന്യോ, കാസ്മീറോ എന്നിവരാണ് കളി നിയന്ത്രിക്കുക. പ്രതിരോധത്തില്‍ മാഴ്സലോ ഇല്ലെന്നതാണ് ടീമിലെ ഏക മാറ്റം. ഫാഗ്നറും സില്‍വയും മിറാന്‍ഡയും ലൂയിസുമാണ് ബ്രസീലിന്‍റെ പ്രതിരോധക്കോട്ട തീര്‍ക്കുന്നത്.
മറുവശത്ത് മെക്സിക്കോയും 4-3-3 എന്ന ശൈലിയില്‍ തന്നെയാണ് അണിനിരക്കുക. ഹെര്‍ണാണ്ടസും ലോസാനയും വേലയുമാണ് മെക്സിക്കോ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഗ്വാര്‍ഡാഡോയും മാര്‍ക്വസും ഹെരേരയുമാണ് മധ്യനിരയില്‍ കളി മെനയുന്നത്. ഗല്ലാര്‍ഡോ, അയാല, സാല്‍ക്കെഡോ, ആല്‍വരസ് എന്നിവര്‍ക്കാണ് നെയ്മറെയും സംഘത്തെയും പൂട്ടാനുള്ള ചുമതല.
ഏറെ നിര്‍ണായകമായ വല കാക്കുന്ന ചുമതല ബ്രസീലിന് വേണ്ടി ഒന്നാം നമ്പര്‍ ഗോളി ആലിസണ്‍ നിര്‍വഹിക്കുക. മറുവശത്ത് മെക്സിക്കന്‍ വലയ്ക്ക് മുന്നില്ഡ ഒച്ചാവോയാണ് ഉണ്ടാകുക. ഒച്ചാവോയെ മറികടക്കുക എന്നത് ബ്രസീലിന് വലിയ വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
