മെക്സിക്കോയ്ക്ക് സമനിലയായാലും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടാം
എകാതെരിൻബർഗ്: മരണപോരാട്ടത്തിന് കളമൊരുങ്ങിയിട്ടുള്ള ഗ്രൂപ്പ് എഫില്‍ അവസാന ഗ്രൂപ്പ് പോരാട്ടം ആവേശകരം. ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകള്‍ക്കും രണ്ടാം റൗണ്ടിലെത്താമെന്ന സാധ്യതയാണുള്ളത്. ഗ്രൂപ്പില്‍ മുന്നിലുള്ള മെക്സിക്കോയും സ്വീഡനും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യ പകുതി അത്യന്തം ആവേശകരമായിരുന്നു.
ജയം മാത്രം ലക്ഷ്യമിട്ട് രണ്ട് ടീമുകളും ആക്രമണങ്ങളുമായി മുന്നേറിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതുവരെ ആര്‍ക്കും വല കുലുക്കാനായിട്ടില്ല. നിരവധി ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ രണ്ട് ടീമുകള്‍ക്കുമായെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. സ്വീഡനാണ് ആക്രമണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മെക്സിക്കന്‍ താരത്തിന്‍റെ കയ്യില്‍ പെനാല്‍ട്ടി ബോക്സിനകത്തുവച്ച് പന്ത് തട്ടിയെന്ന് സ്വീഡന്‍ ആരോപിച്ചെങ്കിലും വീഡിയോ പരിശോധന മെക്സിക്കോയ്ക്ക് അനുകൂലമായി. 19 ഷോട്ടുകളാണ് രണ്ട് ടീമുകളുമായി വല ലക്ഷ്യമിട്ട് ഉതിര്‍ത്തത്.
മെക്സിക്കോയ്ക്ക് സമനിലയായാലും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടാം. മത്സരം സമനിലയിലായാല്‍ ജര്‍മനി ദക്ഷിണ കൊറിയ മത്സരത്തിന്‍റെ ഫലമാകും സ്വീഡന്‍റെ ഭാവി തീരുമാനിക്കുക. കൊറിയ ജയിച്ചാല്‍ സ്വീഡന് സമനിലയും അനുഗ്രഹമാകും. എന്നാല്‍ സ്വീഡന്‍ തോല്‍ക്കുകയും കൊറിയ ജയിക്കുകയും ചെയ്താല്‍ കൊറിയക്ക് രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാധ്യത തെളിയും. കസാനിൽ നടക്കുന്ന ജർമനി ദക്ഷിണ കൊറിയ പോരാട്ടത്തിന്‍റെ ആദ്യ പകുതിയും ഗോള്‍ രഹിതമാണ്.
