കോട്ടയം: എംജി സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സർക്കാറിൻ്റെ ഗ്രാൻ്റ് വർദ്ധിപ്പിച്ചില്ലെങ്കിൽ ജനുവരി മുതൽ പ്രവർത്തനം നിലക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി. കൂടാതെ സർക്കാർ ഗ്രാൻ്റ് കൂട്ടണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു.
എംജി സർവകലാശാലയുടെ വാർഷിക ചിലിവ് 200 കോടിയിൽ അധികമായി വരും. സർക്കാരിൽ നിന്ന് കിട്ടുന്ന ഗ്രാൻ്റ് 128 കോടി രൂപ മാത്രമാണ്. കേരള സർവകലാശാലയ്ക്ക് 290 കോടി രൂപയും കാലിക്കറ്റ് സർവകലാശാലയ്ക്ക് 185 കോടിയും ഗ്രാൻ്റായി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എംജി സർവകലാശാല വിസി സർക്കാരിന്‍റെ സഹായത്തിനായി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരിട്ട് കണ്ടു.
കേരള സർവകലാശാലയ്ക്ക് നൽകിവരുന്ന ഗ്രാൻ്റ് എംജി സർവകലാശാലയ്ക്കും നൽകണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. ഈ സാഹചര്യത്തിൽ സ്വാശ്രയ കോളേജുകൾക്കായി രൂപീകരിച്ച സൊസൈറ്റിക്ക് 100 കോടി രൂപ നൽകണമെന്ന സംസ്ഥാന സർക്കാറിൻ്റെ ആവശ്യം സർവകലാശാല തളളി. ഇത് നൽകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിച്ചതോടെ സൊസൈറ്റിയുടെ ഭാവിയും അവതാളത്തിലായി.
