Asianet News MalayalamAsianet News Malayalam

എം ജി സർവ്വകലാശാല ഓൺലൈൻ പരീക്ഷ ആദ്യദിവസങ്ങളിൽ കല്ലുകടി

മാതൃകാ ചോദ്യ പേപ്പർ വിദ്യാർത്ഥി ഹാക്ക് ചെയ്തു വിദ്യാർത്ഥി കോളേജ് അധികൃതരെ അറിയിച്ചു ഓൺലൈൻ പരീക്ഷ നടത്തിപ്പുമായി സർവ്വകലാശാല മുന്നോട്ട്  പ്രതിഷേധവുമായി പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ

mg university online exam new controversy
Author
Kerala, First Published Dec 1, 2018, 9:23 AM IST

കോട്ടയം: എം ജി സർവ്വകലാശാല ഡിഗ്രി ഓൺലൈൻ പരീക്ഷ നടത്തിപ്പിൽ തുടക്കത്തിലെ കല്ലുകടി. ആദ്യ പരീക്ഷക്ക് മുൻപായി കോളേജുകളിലേക്ക് അയച്ചു നൽകിയ മാതൃക ചോദ്യപേപ്പർ ഒരു വിദ്യാർത്ഥി  തന്നെ ഹാക്ക് ചെയ്ത് കോളേജ് അധികൃതർക്ക് കൈമാറി. എന്നാൽ യഥാർത്ഥ ചോദ്യ പേപ്പർ ചോർന്നിട്ടില്ലെന്നും പരീക്ഷ നടത്തിപ്പിൽ പഴുതില്ലെന്നുമാണ് സർവ്വകലാശാലയുടെ വിശദീകരണം.

എം ജി സർവ്വകലാശാലയിലെ പിജി കോഴ്സുകളിലെ ചോദ്യ പേപ്പറുകളാണ് നിലവിൽ ഓൺലൈനായി കോളേജുകളിലേക്ക് അയച്ച് കൊടുക്കുന്നത്. ഇത് ഡിഗ്രി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പുതിയ പരീക്ഷണം. മൂന്നാം വർഷ ഡിഗ്രി ഫിസിക്സ് വിദ്യാർത്ഥികളുടെ പരീക്ഷക്ക് തൊട്ട് തലേന്നാണ് മാതൃകാ ചോദ്യപേപ്പർ കോളേജുകളിലേക്ക് അയച്ച് കൊടുത്തത്. 

പ്രിൻസിപ്പലുമാര്‍ക്ക് ഓൺലൈനായി അയച്ച് കൊടുത്ത മാതൃകാ ചോദ്യ പേപ്പാറാണ് സർവ്വകലാശാല വിദ്യാർത്ഥി തന്നെ ഹാക്ക് ചെയ്തത്. ഇടുക്കി മുരിക്കാശ്ശേരി പാവനാത്മ കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ നിർമ്മൽ സ്കറിയയാണ് ഇത് ഹാക്ക് ചെയ്ത് പകർപ്പെടുത്ത് പ്രിൻസിപ്പലിന് കൈമാറിയത്. ഓൺലൈൻ പരീക്ഷ നടത്തിപ്പിലെ ഈ പാളിച്ച അന്ന് തന്നെ കോളേജ് അധികൃതർ സർവ്വകലാശാലയെ അറിയിച്ചു. 

എന്നാൽ അടുത്ത ദിവസം തന്നെ ഡിഗ്രി പരീക്ഷകൾ സർവ്വകലാശാല ഓൺലൈനായി തുടങ്ങുകയും ചെയ്തു. ഓൺലൈൻ പരീക്ഷ നടത്തിപ്പിലെ പഴുത് പുറത്ത് വന്നിട്ടും നടപടിയുമായി മുന്നോട്ട് പോയ സർവ്വകലാശാലക്കെതിരെയാണ് വലത് പക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയത്.

എന്നാൽ ഡിഗ്രി ഓൺലൈൻ പരീക്ഷ നടത്തിപ്പിൽ പഴുതില്ലെന്നും മാതൃക ചോദ്യ പേപ്പർ ഹാക്ക് ചെയ്തോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് സർവ്വകലാശാലയുടെ വിശദീകരണം. ഇത് പരിശോധിക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സർവ്വകലാശാല തന്നെ തയ്യാറാക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഓൺലൈൻ പരീക്ഷ നടത്തിപ്പ്. വിദ്യാർത്ഥി തന്നെ ഹാക്ക് ചെയ്താണ് ഈ സംഭവം അധികൃതർ അറിഞ്ഞത്. മറിച്ച് സംഭവിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഓൺലൈൻ പരീക്ഷ സംവിധാനം നിർത്തി വെച്ച് ഇത് സംബന്ധിച്ച് ഉന്നത തല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios