മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ഗോവയിലെ ബിജെപി സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തി സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി. ആറുമാസത്തിനകം കാസിനോ, മയക്ക് മരുമരുന്ന്, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധാവലികര്‍ വ്യക്തമാക്കി.

അടിയന്തരമായി പരിഹാരങ്ങള്‍ കാണേണ്ട പ്രശ്നങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുമെന്നും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിയെ മല്‍സരിക്കണമെന്നും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിക്ക് അഭിപ്രായമുണ്ട്. നിലവില്‍ മൂന്ന് എം.എല്‍എമാരുള്ള എം.ജി.പിയുടെ രണ്ടുപേര്‍ പരീക്കര്‍ മന്ത്രിസഭയില്‍ അംഗങ്ങളാണ്. കടുത്ത വിമര്‍ശനമാണ് പരീക്കര്‍ സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി കമ്മിറ്റി മീറ്റിങ്ങിലുണ്ടായത്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ദീപക് ധാവലികര്‍ പറഞ്ഞു.