വെള്ളാപ്പള്ളി നടേശനെ പിന്നോക്ക വികസ കോർപ്പറേഷനിൽ നൽകിയ സാമ്പത്തിക വിനിയോഗ റിപ്പോർട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നതെന്ന് വിജിലൻസ് പറയുന്നു. 2004 നവബർ 20 അനുവദിതച്ച ഒരു കോടിയുടെ വായ്പ വിനിയോഗ ലിസ്റ്റ് വ്യാജമാണ്.
കോട്ടയം കുമാരനാശാൻ സ്വയം സംഘത്തിലെ അംഗങ്ങളെ ഉപോയഗിച്ച് മറ്റ് രണ്ട് സംഘങ്ങള്‍ കൂടി ഉണ്ടാക്കി പണം തട്ടിയതായി വിജിലൻസ് പറയുന്നു. സാമ്പത്തിക ക്രമക്കേടും പണാപഹരണവുമാണ് വിജിലൻസ് വെള്ളാപ്പള്ളിക്കെതിരെ ആരോപിക്കുന്നത്. 15.85 കോടിയാണ് എസ്.എൻ.ഡിപിയോഗം കോർപ്പറേഷനിൽ നിന്നും വായ്പ വിതരണത്തിനായി വാങ്ങിയത്.
ഈ പണം പൂർണായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് മുൻ എംഡിമാരായ എം. നജീബും, ദിലീപ് കുമാറും പരിശോധിച്ചില്ല. ക്രമക്കേട് നടന്നുവെന്ന അറിഞ്ഞിട്ടും പല ഘട്ടങ്ങളായി നജീബ് പണം അനുവദിച്ചു. ക്രമക്കേട് വ്യക്തമായ എ.ജിയുടെ റിപ്പോർട്ടിനുശേഷവും ദീലീപ് കുമാറും പണം നൽകി. എസ്എൻഡിപിയോഗത്തെ എൻജിഒ ആയി പരിഗണിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യഘട്ടത്തിൽ വായ്പ അനുവദിച്ചത്.
2014വരെ ഒരു അന്വേഷണവും കോർപ്പറേഷൻ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥ ഗൂഡാലോചനയും സാമ്പത്തിക ക്രമക്കേടും കാരണം പിന്നോക്ക വിഭാഗക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ട വായ്പയാണ് നഷ്ടമായതെന്ന് എഫ്.ഐ.ആറില്‍ വിജിലൻസ് പറയുന്നു.
എസ്.എൻ.ഡിപി നേതൃത്വത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വെല്ലുവിളി നടത്തിയതിന് അടുത്ത ദിവസമാണ് നേതൃത്വത്തിന്‍റെ പങ്ക് വ്യക്തമാക്കുന്ന എഫ്.ഐ.ആർ കോടതിയിലെത്തിയത്. വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ചുപേരാണ് കേസിൽ പ്രതികള്‍.
