രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് യുഎഇയിലെ തൊഴിലാളികള്‍ക്ക് അധികൃതര്‍ മധ്യാഹ്ന വിശ്രമം അനുവദിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തിലുള്ള ജോലിതകള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്‌ക്ക് 12.30 മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് വിശ്രമം അനുവദിച്ചികരിക്കുന്നത്. തൊഴിലുടമകള്‍ വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് യുഎഇ മനുഷ്യ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. ഇന്നു മുതല്‍ സെപ്റ്റംബര്‍ പതിനഞ്ചുവരെയാണ് ഉച്ച വിശ്രമം അനുവദിക്കുക. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ അടിയന്തിരഘട്ടങ്ങളില്‍ നിരോധിത സമയത്തും ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഉച്ച വിശ്രമ നിയമം അനുസരിച്ച് രാത്രിയും പകലുമായി ജോലിസമയം പുനക്രമീകരിക്കാമെങ്കിലും എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധിക സമയം ജോലിചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഓവര്‍ടൈം വേതനം നല്‍കിയിരിക്കണമെന്നും യുഎഇ മനുഷ്യ വിഭവ ശേഷി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ജ്ജലീകരണം തടയാനായി തൊഴിലാളികളുടെ തോതനുസരിച്ച് ദാഹശമനികള്‍ വേണം, ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രാഥമിക ശുശ്രൂഷാ മരുന്നുകളും പണിയിടങ്ങളില്‍ സൂക്ഷിച്ചിരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികള്‍ ഒരു തൊഴിലാളിക്ക് അയ്യായിരം ദിര്‍ഹം എന്ന രീതിയില്‍ പിഴ ഒടുക്കേണ്ടി വരും. പരമാവധി 50,000 ദിര്‍ഹം വരെ ഇങ്ങനെ പിഴ ഈടാക്കും.