തൊടുപുഴ വണ്ണപ്പുറം മുളളരിങ്ങാട്ട് മദ്ധ്യ വയസ്കനെ റോഡരികില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കത്തി കഴുത്തില്‍ കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയയെങ്കിലും പുളിഞ്ചേരിയില്‍ സഹദേവന്റെ മരണത്തില്‍ ദുരൂഹതയുളളതായി കരുതുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ് വാടകക്ക് താമസിച്ചിരുന്ന വീടിന് സമീപം ചാത്തമറ്റം മുള്ളരിങ്ങാട് റോഡിന്റെ അരികില്‍ പുളിഞ്ചേരിയില്‍ സഹദേവനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കാണുന്നത്. കഴുത്തിന് കുത്തേറ്റ് ചോരവാര്‍ന്നു കിടന്നിരുന്നത്. മൃതദേഹത്തിനരികില്‍ കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കിടന്നിരുന്നു. പക്ഷെ ആസ്മയും, ഹൃദയ വാല്‍വിലെ തകരാറിനും പുറമേ കഴിഞ്ഞയാഴ്ച മഞ്ഞപ്പിത്തവും പിടിപ്പെട്ടതോടെയുണ്ടായ ആശങ്കയില്‍ സഹദേവന്‍ ആത്മഹത്യ ചെയ്തതായാണ് ഏവരും കരുതുന്നത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പോലീസ് നാട്ടുകാരുടെ മൊഴിയെടുത്തു. ഡി.വൈ.എസ്‌.പിയും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും ശാസ്‌ത്രീയാന്വേഷണ വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. കത്തി കൊണ്ടുള്ള കുത്താണ് മരണ കാരണമെന്നും ബന്ധുക്കളുള്‍പ്പെടെ ആരും സംശയം പറഞ്ഞ് പരാതി നല്‍കിയിട്ടില്ലെന്നും കാളിയാര്‍ പോലീസ് പറഞ്ഞു.