കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. പ്രതി പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. 

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ഇതരസംസ്ഥാനതൊഴിലാളി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി കസ്റ്റഡിയിലായെന്നാണ് സൂചന. കന്യാകുമാരി മാർത്താണ്ഡം സ്വദേശി കനകരാജനെയാണ് തിങ്കളാഴ്ച പുലർച്ചെ കഴുത്തറുത്ത നിലയിൽ കണ്ടത്. പുലർച്ചെയാണ് കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സമീപം കനകരാജനെ രക്തം വാർന്ന നിലയിൽ കണ്ടത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കനകരാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനകരാജന്‍റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. പ്രതി പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. 

പ്രദേശവാസിയായ പ്രതിയും കനകരാജനും കുറച്ച് ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ വാക്ക്ത‍ർക്കമുണ്ടായിരുന്നു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.എന്നാൽ പ്രതിയുടെ പേര് വിവരം പൊലീസ് പുറത്ത്‍വിട്ടിട്ടില്ല. കന്യാകുമാരി സ്വദേശിയായ കനകരാജൻ വർഷങ്ങളായി കോഴിക്കോട് കെട്ടിടനിർമ്മാണതൊഴിലാളിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.