തൊഴിലാളികളെ കുത്തിനിറച്ച് പാര്‍പ്പിച്ചതായി കണ്ടെത്തി നടപടിയെടുക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി

കോഴിക്കോട്: ഇരുപത് പേര്‍ക്ക് മാത്രം താമസസൗകര്യമുള്ള കെട്ടിടത്തില്‍ എണ്‍പതോളം ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചതായി കണ്ടെത്തി. വടകര വീരഞ്ചേരി വാട്ടര്‍ അഥോറിറ്റി ഓഫിസ് പരിസരത്തെ കെട്ടിടത്തിലാണ് തൊഴിലാളികളെ കുത്തി നിറച്ച നിലയില്‍ പാര്‍പ്പിച്ചതായി നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. 

മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കെട്ടിടത്തില്‍ ആവശ്യത്തിന് കക്കൂസുകളോ കുളിമുറികളോ ഇല്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കെട്ടിടം. എം.കെ. സുനീര്‍, എം.കെ. സമീര്‍, എം.കെ. ഷംസീര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്റ്റ് 434 പ്രകാരം നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. താമസ സ്ഥലം ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കും.