ജമ്മു: ജമ്മു കാശ്മീരില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ തുടരുന്നതിന് പിന്നാലെ നിയന്ത്രണ രേഖയ്ക്കടുത്ത് 300 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധയിടുന്നതായി റിപ്പോര്‍ട്ട്.

മിലിറ്ററി വൃത്തങ്ങളാണ് മുന്നറിയിപ്പ് നല്‍കിയത്. ജമ്മുകാശ്മീരിലുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണ മേഖലയില്‍ 185 മുതല്‍ 220 വരെ തീവ്രവാദികളാണ് തയാറായി നില്‍ക്കുന്നത്. പീര്‍പാഞ്ചാലിന് വടക്കും തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ പദ്ധയിടുന്നുണ്ട്.

അതേസമയം സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണ രേഖ കടന്നുള്ള ആക്രമണം ബുദ്ധിമുട്ടാണെന്നും അതിന് സാധ്യതയില്ലെന്നും ലഫ്. ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.

 യുദ്ധ തന്ത്രങ്ങള്‍ ആവിഷ്കരിച്ചതിന് ശേഷമേ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകുയുള്ളുവെന്നും ജനറല്‍ വ്യക്തമാക്കി.