പത്ത് ലക്ഷത്തിലധികം വവ്വാലുകളെ കൊന്നൊടുക്കി വിചിത്രരോഗം എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ ശാസ്ത്ര ലോകം

വിര്‍ജീനിയ: വടക്കേ അമേരിക്കയിലെ പത്ത് ലക്ഷത്തിലധികം വവ്വാലുകളെ കൊന്നൊടുക്കി വിചിത്ര രോഗം. നീളന്‍ ചെവിയുള്ള വിഭാഗത്തില്‍ പെടുന്ന ലക്ഷക്കണക്കിന് വവ്വാലുകളെയാണ് വിചിത്ര രോഗം കൊന്നൊടുക്കിയെന്നാണ് വിവരം. വിര്‍ജീനിയയിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. വിളകള്‍ നശിപ്പിക്കുന്ന പ്രാണികളെ തിന്നു ജീവിക്കുന്ന വിഭാഗം വവ്വാലുകളാണ് വിചിത്ര രോഗം മൂലം നശിക്കുന്നത്. 

ഈ വിഭാഗത്തിലെ വവ്വാലുകള്‍ നശിക്കുന്നത് വന്‍രീതിയിലുളള വിളനാശത്തിലേക്ക് വഴി തെളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫംഗസിന്റെ ആക്രമണവും ഇതിനേതുടര്‍ന്ന് മൂക്കില്‍ ഉണ്ടാകുന്ന അണുബാധയുമാണ് നിരവധി വവ്വാലുകളുടെ ജീവനെടുക്കുന്നത്. വൈറ്റ് നോസ് സിന്‍ഡ്രോമെന്നാണ് ഈ വിചിത്ര രോഗത്തിന് പേര് നല്‍കിയിരിക്കുന്നത്. വവ്വാലുകളെ കുറിച്ച് പഠനം നടത്തുന്ന വിര്‍ജീനിയ ടെകിലെ പ്രൊഫസര്‍ മാര്‍ക്ക് ഫോര്‍ഡ് വവ്വാലുകളില്‍ വരുന്ന എണ്ണക്കുറവ് ആശങ്കാജനകമാണെന്ന് വ്യക്തമാക്കുന്നു. 

ഈ രോഗം യൂറോപ്പിലും ഏഷ്യയിലുമാണ് ആദ്യം കണ്ടതെന്ന് മാര്‍ക്ക് വിശദമാക്കുന്നു. ഗുഹകളില്‍ താമസിക്കുന്ന ഇനം വവ്വാലുകളിലാണ് ഈ രോഗം പ്രധാമായും കാണുന്നതെന്നാണ് നിരീക്ഷണം. വവ്വാലുകള്‍ കൂട്ടത്തോടെ നശിക്കുന്നത് ഭക്ഷ്യക്ഷാമത്തിനും വിളകളില്‍ വന്‍രീതികള്‍ കളനാശിനികള്‍ ഉപയോഗിക്കേണ്ട അവസ്ഥയിലേക്കും എത്തിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഈ വിചിത്രരോഗത്തിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ വലഞ്ഞിരിക്കുകയാണ് ശാസ്ത്ര ലോകം.