മിൽമ പുന:സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മൂന്ന് മേഖലാ ഓഫീസുകളും സംസ്ഥാന ഫെഡറേഷനുമെന്ന ഘടനമാറ്റി ഒറ്റ സഹകരണ സ്ഥാപനമാക്കി മാറ്റാനാണ് നീക്കം. വിദഗ്ധ സമിതിക്കൊപ്പം ഘടനാമാറ്റ മാനദണ്ഡങ്ങളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മുപ്പത്തേഴ് വര്‍ഷമായി സംസ്ഥാനത്ത് മിൽമയുണ്ട്. സംസ്ഥാന ഫെഡറേഷന് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മൂന്ന് മേഖലാ ഓഫീസുകൾ. പാൽ സംഭവരണവും വിതരണവും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമൊക്കെയായി ക്ഷീരവികസന മേഖലയിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഘടന അപ്പാടെ പൊളിച്ചെഴുതാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മുൻ എംഡി കൂടിയായ ലിഡ ജേക്കബിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു. വിദഗ്ധ സമിതി പരിഗണിക്കുന്ന പുനസംഘടനാ മാനദണ്ഡമനുസരിച്ച് മൂന്ന് മേഖലാ ഓഫീസുകൾ ഉണ്ടാകില്ല. പകരം സംസ്ഥാനതല സമിതിയും പ്രാഥമിക സഹകരണ സംഘങ്ങളും മാത്രം . സഹകരണ മേഖല നേരിടുന്ന വെല്ലുവിളി അതിജീവിക്കുക, ജീവനക്കാരുടെ ശരിയായ പുനര്‍ വിന്യാസം. അന്യസംസ്ഥാന ക്ഷീരവിപണന ഫെഡറേഷനുകളുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് സംവിധാനവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തും വിധം പുന:സംഘടന നടപ്പാക്കാനാണ് നിര്‍ദ്ദേശം.
