Asianet News MalayalamAsianet News Malayalam

മന്ത്രിയുടെ ശബ്ദത്തില്‍ ഫോണിലൂടെ സംസാരിച്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മിമിക്രിക്കാരന്‍   അറസ്റ്റില്‍

Mimicry artist mimics TN ministers voice to transfer officials
Author
New Delhi, First Published Nov 30, 2016, 11:06 AM IST

സേലം: മന്ത്രിയുടെ ശബ്ദത്തില്‍ ഫോണിലൂടെ സംസാരിച്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മിമിക്രിക്കാരന്‍   അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നടന്ന സംഭവത്തില്‍  വൈദ്യൂതി മന്ത്രി പി തങ്കമണിയുടെ ശബ്ദം ഉപയോഗിച്ച് തെര്‍മ്മല്‍ പവര്‍ യൂണിറ്റിലെ ജീവനക്കാരെയാണ് ഡിണ്ടിഗല്‍ സ്വദേശിയായ സവാരി മുത്തു എന്ന മിമിക്രിക്കാരന്‍ 'സ്ഥലംമാറ്റി കളഞ്ഞത്'.

തിങ്കളാഴ്ച വൈകിട്ടാണ് സേലം ജില്ലയിലെ മെട്ടൂര്‍ പോലീസ് സവാരി മുത്തുവിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് വൈദ്യുതിമന്ത്രി തെര്‍മ്മല്‍ യൂണിറ്റിലെ ഉന്നതോദ്യോഗസ്ഥരെ വിളിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയകുമാറിനെ പവര്‍ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കല്‍ക്കരി വിഭാഗത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്. യൂണിറ്റ് നിര്‍ദേശം നടപ്പാക്കുകയും ചെയ്തു. 

എന്നാല്‍ ഡ്യൂട്ടി ശരിയായി ചെയ്യാന്‍ കഴിയാതെ വന്നതോടെ  ഒരാഴ്ച മുമ്പ് ഇയാള്‍ സസ്‌പെന്‍ഷനിലായി. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നീക്കാന്‍ ഉന്നതോദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ വൈദ്യുതിമന്ത്രിയെ കാണാനാണ് ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. 

മന്ത്രിയെ കണ്ടപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. താന്‍ തെര്‍മ്മല്‍ പ്‌ളാന്റിലെ ഉദ്യോഗസ്ഥരെയോ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഒരു ഫോണ്‍വിളി പോലുമോ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 
തന്റെ പേരില്‍ തന്നെ തട്ടിപ്പ് നടന്നതിനാല്‍ മന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥര്‍ മെട്ടൂര്‍ പോലീസിനെ സമീപിക്കുകയും അവര്‍  പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

അന്വേഷണത്തില്‍ പോലീസ് ആദ്യം നോക്കിയത് കോള്‍ ഡീറ്റെയ്ല്‍സ് ആയിരുന്നു. ഇതിലൂടെ മൊബൈല്‍ ഫോണിന്റെ ഉടമ സവാരിമുത്തു ആണെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ ഒരു മാസത്തിനിടെ യൂണിറ്റില്‍ ജോലി ചെയ്യുന്ന 28 പേരെ ഇയാള്‍ ട്രാന്‍സ്‌ഫെര്‍ ചെയ്യിച്ചതായി പോലീസ് കണ്ടെത്തി.  കേസില്‍ വലിയ സംഘം തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്.


 

Follow Us:
Download App:
  • android
  • ios