ദില്ലി: പാര്‍ലമെന്ററി സംവിധാനം അട്ടിമറിച്ചുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി.പാര്‍ലമെന്ററി സംവിധാനത്തിന് ഒന്നും പകരമാവില്ലെന്നും ജയ്‍റ്റ്‍ലി ദില്ലിയില്‍ പറഞ്ഞു. സംഘപരിവാറില്‍ തന്നെ പ്രസിഡന്‍ഷ്യല്‍ രീതിക്കനുകൂലമായ വാദം ശക്തമാകുമ്പോഴാണ് ജയ്‍റ്റ്‍ലിയുടെ പ്രതികരണം. ഇതിനെക്കാള്‍ മികച്ച സംവിധാനം ഇന്ത്യയില്‍ ഇല്ല. ഏറ്റവും ശക്തമായി നിലപാട് പറയാനും പിന്നീട് മുറിവുണക്കാനും അത് വഴി രാജ്യതാല്‍പര്യം സംരക്ഷിക്കാനും പറ്റിയ രീതിയില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ദില്ലിയില്‍ ഔട്ട്‍ലുക്ക് വാരികയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയാണ് അരുണ്‍ ജയ്‌റ്റ്‌ലിയുടെ പ്രസംഗം. നരേന്ദ്രമോദി സര്‍ക്കാരിന് ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷം കിട്ടിയതുമുതല്‍ ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. പാര്‍ലമെന്ററി സംവിധാനത്തെക്കാള്‍ പ്രസിഡന്‍ഷ്യല്‍ രീതിയാണ് നല്ലതെന്ന ആര്‍എസ്എസ് നിലപാട് രഹസ്യമല്ല. അപ്പോഴാണ് എന്തൊക്കം കുറവുകള്‍ ഉണ്ടെങ്കിലും പാര്‍ലമെന്ററി സംവിധാനത്തിന് പകരം വയ്‌ക്കാന്‍ ഒന്നുമില്ലെന്ന നയം ജയ്റ്റ്‌ലി തുറന്നു പറയുന്നത്.
ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരാന്‍ പോകുന്ന മാറ്റങ്ങളുടെ സൂചനയായി കാണുന്നവരുണ്ട്. ജയ്റ്റ്ലിയുടെ ഈ തുറന്നുപറച്ചില്‍ ബിജെപിയില്‍ രണ്ടഭിപ്രായം ഉണ്ടെന്ന സൂചനയാണ്. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഔട്ട്‍ലുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് രാജേഷ് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
