തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിക്കെതിരായ സംഘപരിവാര്‍ ബന്ധം, ആരോപണത്തിന് മറുപടി നല്‍കിയ പ്രൊഫ. സി. രവീന്ദ്രനാഥിനെ വീണ്ടും വെല്ലുവിളിച്ച് അനില്‍ അക്കര. ഫേസ്ബുക്കിലൂടെയാണ് ഇത്തവണയും അനില്‍ അക്കര രംഗത്തെത്തിയത്.

ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ടെന്നും എബിവിപി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് മന്ത്രി വ്യക്തമാക്കിയരുന്നു. ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ല. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രതിഷേധിക്കുന്നതായുമാണ് മന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

എന്നാല്‍ ഇതിനെതിരെ അനില്‍ അക്കരെ വീണ്ടും രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പ് നിഷേധിച്ച് ഇറക്കിയ കുറിപ്പില്‍ താന്‍ പറഞ്ഞത് താങ്കള്‍ ശരിയാണെന്ന് സമ്മതിക്കുയാണ്. എബിവിപിയുടെ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്ന കാര്യവും കുട്ടിക്കാലത്ത് ചെരനെല്ലോര്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നു എന്ന കാര്യവും താങ്കള്‍ നിഷേധിക്കുന്നില്ല. ഇക്കാര്യങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക് നോക്കാമെന്നും ഞാനും ആ കോളജില്‍ പഠിച്ചതല്ലേ എന്നും അനില്‍ അക്കര കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പ്

ബഹുമാന്യ വിദ്യാഭ്യാസമന്ത്രി 
ശ്രീ രവീന്ദ്രന്‍മാഷേ, 
ഞാന്‍ ഫെയ്സ് ബുക്കില്‍ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്‍ തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണ്. 
ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എബിവിപി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല. 
ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍ 
ആര്‍ എസ് എസ് ശാഖയില്‍ പോയിരുന്നു എന്നാണ്. 
താങ്കള്‍ അതും നിഷേധിക്കുന്നില്ല. 
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം 
അത് ഞാന്‍ സ്വാഗതം ചെയ്യുന്നു.
പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത?
പറയൂ,മാഷ് തന്നെ പറയൂ 
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍,, നമുക്ക് നോക്കാം.
ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ?

കാവിവല്‍ക്കരണത്തിന് തുടര്‍ച്ചയായി കുടപിടിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് അനില്‍ അക്കര പ്രൊഫ. സി. രവീന്ദ്രനാഥിന് സംഘപരിവാര്‍ ബന്ധം ആരോപിച്ച് രംഗത്തെത്തിയത്. രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായിരിക്കെ സംഘ് പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ ആരോപണം.