പണമൊഴുക്കി ആര്‍ഭാടം കാണിക്കാന്‍ മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു കൊട്ടും കുരവുമില്ലാത്ത ഒരു സാധാരണ വിവാഹം. ടൗണ്‍ഹാളില്‍ എത്തിയവരെയെല്ലാം നാട്ടുകാരുടെ സ്വന്തം 'ചന്ദ്രേട്ടന്‍' തന്നെ സ്വീകരിച്ചു

നാല് കൂട്ടം പായസവും ഇല നിറയെ കറികളും വിളമ്പിയുള്ള ആര്‍ഭാടങ്ങളേതുമില്ലാതെ ഇന്നൊരു മന്ത്രിപുത്രിയുടെ വിവാഹം നടന്നു. പരസ്പരം മാലയണിയിച്ച് താലിയും ചാര്‍ത്തി, പത്തു മിനിറ്റ് കൊണ്ട് ചടങ്ങുകള്‍ എല്ലാം തീര്‍ന്നു. പിന്നീട് പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം ചായയും ബിസ്ക്കറ്റും നല്‍കി.

എല്ലാ ശുഭം, ലളിതം, സുന്ദരം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ മകളുടെ വിവാഹമാണ് മന്ത്രിപുത്രിയുടെ ഒരുവിധ ആര്‍ഭാടങ്ങളുമില്ലാതെ നടന്നത്. കാസര്‍കോഡ് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോഡ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട. മാനേജര്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി. കുഞ്ഞികൃഷ്ണന്‍ നായരുടെ മകന്‍ പി. വിഷ്ണുവാണ് ഇ. ചന്ദ്രശേഖരന്‍റെ മകള്‍ നീലി ചന്ദ്രന്‍റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്.

പണമൊഴുക്കി ആര്‍ഭാടം കാണിക്കാന്‍ മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു കൊട്ടും കുരവുയുമില്ലാത്ത ഒരു സാധാരണ വിവാഹം. ടൗണ്‍ഹാളില്‍ എത്തിയവരെയെല്ലാം നാട്ടുകാരുടെ സ്വന്തം 'ചന്ദ്രേട്ടന്‍' തന്നെ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ ചടങ്ങുകള്‍ തുടങ്ങി.

മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാരും സ്പീക്കറും മറ്റ് രാഷ്ട്രീയ നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു. 1981ലാണ് ഇ. ചന്ദ്രശേഖരന്‍ വി. സാവത്രിയെ വിവാഹം കഴിക്കുന്നത്. അന്നും മാല ചാര്‍ത്തല്‍ മാത്രമുള്ള ലളിതമായ വിവാഹമായിരുന്നു. പങ്കെടുത്തവര്‍ക്കെല്ലാം നാരങ്ങ സര്‍ബത്തും വിളമ്പി. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ വിവാഹവും അതേ മാതൃകയില്‍ നടത്തിയിരിക്കുകയാണ് ഇ. ചന്ദ്രശേഖരന്‍.