തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അതേസമയം‍, കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അഥോറിറ്റി വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ പെടുന്ന വിഷയമല്ല.

എങ്കിലും ടോള്‍ ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേരളത്തില്‍ നിന്നുളള എംപിമാര്‍‌ ശ്രമം നടത്തണമെന്നും ടോള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നയം സംശയരഹിതമാണെന്നും മന്ത്രി പറഞ്ഞു.