തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എഡിജിപി ബി.സന്ധ്യ വ്യക്തമാക്കി. അന്വേഷണം നടക്കുന്നത് കേസിലെ ഗൂഢാലോചനയെക്കുറിച്ചാണെന്നും സന്ധ്യ വ്യക്തമാക്കി. അതേസമയം കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നാണ് നടപടി. 

സുനില്‍കുമാര്‍ തടവില്‍ കിടന്ന സെല്ലിലെ ദ്യശ്യങ്ങളടക്കം ശേഖരിക്കുന്നുണ്ട്. ഷൂസിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ സുനില്‍ കുമാര്‍ സെല്ലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്തിയെന്നും ജയിലില്‍ നിന്ന് നാദിര്‍ഷയടക്കമുള്ളവരെ വിളിച്ചെന്നും സഹതടവുകാരന്‍ മൊഴി നല്‍കിയിരുന്നു. ഇത് പോലീസിനെതിരെ കടുത്ത വിമര്‍ശനത്തിനിടയാക്കി. ഈ പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. 

ജയിലിലെ സന്ദര്‍ശക രജിസ്റ്ററും പരിശോധിക്കുന്നുണ്ട്. അഭിഭാകനായ പ്രതീഷ് ചാക്കോ പലതവണ ജയിലിലെത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു.