ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ സുപ്രീം കോടതി വിധിയേക്കാള്‍ പ്രധാനം പൊതുജനാഭിപ്രായമാണ്. സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിന് മുമ്പ് അഭിപ്രായസമന്വയമുണ്ടാക്കും. ഭക്തര്‍ക്ക് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കുന്നു.

ദേവസ്വം ബോര്‍ഡിലെ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനങ്ങള്‍ മാത്രമേ പി എസ് സിക്ക് വിടുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയമഭേദഗതി തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ദേവസ്വം ബോര്‍ഡുകളെല്ലാം സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

കോടതി ഇടപെടലുകള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന പരാതി തിരുവിതാംകൂര്‍, കൊച്ചി ദേവസ്വങ്ങള്‍ ഉന്നയിച്ചു. ഇത് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ വഴിപാട് നിരക്ക് വര്‍ധന പുനഃപരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.