കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തെന്ന് പരാതി. കണ്ണൂര്‍ എകെജി സ്‌ക്വയറിൽ വച്ചായിരുന്നു മന്ത്രിക്ക് നേരെയുള്ള പ്രതിഷേധം. നാലംഗ സംഘമാണ് രാവിലെ നടക്കാനിറങ്ങിയ മന്ത്രിയെ പൊതുസ്ഥലത്ത് വച്ച് കൈയ്യേറ്റം ചെയ്തത്. 

ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിക്ക് നേരെയുള്ള ആക്രമണമെന്ന് സംശയിക്കുന്നതായി കണ്ണൂര്‍ ഡിവൈഎസ്പി പറഞ്ഞു. കൈയ്യേറ്റം ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മന്ത്രിയുടെ പരാതി ലഭിച്ചതായി കണ്ണൂര്‍ ഡി.വൈ.എസ്.പി അറിയിച്ചു. പ്രതികളാരൊക്കെയെന്ന് വ്യക്തമായിട്ടില്ല.

ഔദ്യോഗിക പരിപാടിക്ക് തിരിക്കും മുന്‍പ് കണ്ണൂര്‍ തെക്കീ ബസാറിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ കയറുകയായിരുന്നു മന്ത്രി. ഈ സമയം സമരപ്പന്തലില്‍നിന്ന് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് മന്ത്രിയെ രക്ഷിച്ചത്. തുടര്‍ന്ന് ഭക്ഷണം ഉപേക്ഷിച്ച മന്ത്രി പൊലീസ് സംരക്ഷണത്തില്‍ ഓഫീസിലേക്ക് മടങ്ങുകയായിരുന്നു.