തെരുവ് നായ്‌ക്കളെ കൊല്ലുകയല്ല, വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് മറുപടിയായാണ് സര്‍ക്കാര്‍ നയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കിയത്. അക്രമകാരികളായ നായ്‌ക്കളെ കൊല്ലാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് സ്‌ട്രേ ഡോഗ്‌ ഫ്രീ മൂവ്‌മെന്റ്‌ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി. വാക്‌സിന്‍ ലോബിക്ക് വേണ്ടിയാണ് മന്ത്രിയുടെ നിലപാടെന്നും ചിറ്റിലപ്പിള്ളി ആരോപിച്ചു.

വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടെ മേനക ഗാന്ധിയെ പിന്തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്തെത്തി. അക്രമ കാരികളായ നായ്‌ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.