Asianet News MalayalamAsianet News Malayalam

കായംകുളം താപവൈദ്യുത നിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുന്നെന്ന് എം.എം മണി

minister mm mani visits kayamkulam NTPC power plant
Author
First Published May 10, 2017, 12:48 PM IST

കായംകുളം: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് കീഴിലുള്ള കായംകുളം താപവൈദ്യുത നിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചു. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന നിലയം, ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും എന്‍.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മില്‍ ഒപ്പിട്ടിട്ടുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ പ്രകാരം പ്രതിവര്‍ഷം 300 കോടിയോളം രൂപ വൈദ്യുതി ബോര്‍ഡ് എന്‍.ടി.പി.സി.ക്ക് നല്‍കേണ്ട സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് നിലയം ഏറ്റെടുക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

അടുത്തിടെ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയെ, മന്ത്രി എം.എം മണി സന്ദര്‍ശിച്ചപ്പോള്‍  കായംകുളം താപവൈദ്യുത നിലയം സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഈ സാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം മണി അറിയിച്ചത്. കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്ന് കായംകുളത്തേക്ക് വാതക ഇന്ധനം എത്തിക്കാന്‍ കഴിഞ്ഞാല്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ വില കുറേക്കൂടി കുറക്കാന്‍ കഴിയും. പക്ഷേ ഇതിനുള്ള പൈപ്പ് ലൈന്‍ നിര്‍മ്മാണം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല നിലയത്തിലെ 360മെഗാവാട്ട് ഉല്‍പാദനത്തിന് മാത്രമായി പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത് സാമ്പത്തികമായി വിജയകരമാകുമോ എന്ന സംശയവും സംസ്ഥാന സര്‍ക്കാറിനുണ്ട്.

വെള്ളക്കെട്ടുകളില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതിക്ക് എന്‍.ടി.പി.സി. രൂപം നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ 100 കിലോവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാര്‍ സംവിധാനവും കായംകുളത്ത് സ്ഥാപിച്ചിട്ടുണ്ട്. മെഗാവാട്ട് തലത്തില്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ ചെലവ് കുറയുമെന്നും നാലുരൂപയില്‍ താഴെ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. 170 മെഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉല്‍പാദിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. കുറഞ്ഞ ചെലവില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ തയ്യാറാണെന്ന് വൈദ്യുതി ബോര്‍ഡ് ഇതിനകം തന്നെ എന്‍.ടി.പി.സി.യെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios