ദമാം: സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി വി കെ സിംഗ് കിഴക്കന്‍ പ്രവിശ്യയിലുള്ള തൊഴിലാളികളെ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. ഇന്ത്യക്കാര്‍ നേരിട്ട തൊഴില്‍ പ്രതിസന്ധി അവസാനിച്ചെന്ന് മന്ത്രി പറയുമ്പോഴും 1400 പേരാണ് ഭക്ഷണവും ശമ്പളവുമില്ലാതെ ദമാമിലെ ലേബര്‍ ക്യാംപുകളില്‍ കഴിയുന്നത്.

സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദുരിതം കാണാന്‍ എത്തിയ കേന്ദ്രമന്ത്രി കിഴക്കന്‍ പ്രവിശ്യയിലുള്ളവരെ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. രാജ്യത്ത് തൊഴില്‍ പ്രശ്‌നം നേരിടുന്ന 7700 ഇന്ത്യക്കാരുടെ പട്ടികയില്‍ ദമാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെയും അല്‍ഖോബാര്‍ സാദ് ഗ്രൂപ്പിലെയും തൊഴിലാളികള്‍പ്പെടുന്നില്ല. 330 മലയാളികളടക്കം 1400 ഇന്ത്യാക്കാര്‍ ഇവിടുത്തെ കാംപുകളില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ എട്ടുമാസത്തോളമായി ഇവര്‍ക്കും ശമ്പളം കിട്ടുന്നില്ല.

ഇരുപതു വര്‍ഷത്തില്‍ അധികമായി ജോലി ചെയ്യുന്നവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും ശമ്പള കുടിശ്ശികയ്ക്കുമായി പരാതി നല്‍കിയിട്ടും ഇന്ത്യന്‍ എംബസി തിരിഞ്ഞു നോക്കിയില്ല. ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിതത്തിലായ ഇവര്‍ സാമൂഹിക പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താലാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്.

സൗദിയില്‍ ദുരിതത്തിലായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് ഇതുവരെ കേന്ദ്രസര്‍ക്കാകരിന്റെ കൈയ്യിലില്ലെന്നതിന്റെ വ്യക്തമായ തെളിവാണിത്. ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മാത്രം ഇടപെട്ടുകൊണ്ട്, സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ നേരിട്ട തൊഴില്‍ പ്രതിസന്ധി അവസാനിച്ചെന്ന് കേന്ദ്ര സഹമന്ത്രി വി കെ സിങ് പറയുമ്പോള്‍ ദമാമിലെ ഈ ക്യാമ്പിലുള്ളവരുടെ പട്ടിണിയും ദുരിതവും ആര് തീര്‍ക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.