മന്ത്രിമാരുടെ വിദേശ യാത്രയിൽ ഇതുവരെ എതിർപ്പ് ഉന്നയാക്കാതിരുന്ന കേന്ദ്ര സർക്കാർ അനുമതി വൈകിപ്പിക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണെന്ന വിമർശനം സിപിഎമ്മിനുണ്ട്. അനുമതി നിഷേധിച്ചാൽ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് നീക്കം
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രാ വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്രാനുമതിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ മന്ത്രിമാർക്ക് യാത്ര മാറ്റി വെയ്ക്കേണ്ടി വരും. വിദേശ സന്ദർശനത്തിനായി സംസ്ഥാനത്തെ 17 മന്ത്രിമാർ സമർപ്പിച്ച അപേക്ഷകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ അനുമതിക്കായി കാക്കുന്നത്.
പല രാജ്യങ്ങളുടെയും എംബസികളിൽ നിന്ന് അനുമതി ആയിട്ടുണ്ടെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ യാത്ര സാധ്യമാകില്ല. ഉപാധികളോടെ മുഖമന്ത്രിക്ക് യാത്രാനുമതി നൽകിയ കേന്ദ്ര സർക്കാർ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
ഇല്ലെങ്കിൽ മുൻകുട്ടി നിശ്ചയിച്ച യാത്രകൾ മാറ്റി വെയ്ക്കേണ്ടി വരും. ഇതിനോടകം പല രാജ്യങ്ങളിലും നോർക്കയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതിനാൽ യാത്ര മാറ്റി വയ്ക്കുന്നത് വലിയ ബാധ്യതയാകും. ഈ മാസം 18 മുതൽ 24വരെയാണ് മന്ത്രിമാരുടെ വിദേശയാത്ര നിശ്ചയിച്ചിട്ടുള്ളത്.
അവസാന നിമിഷം അനുമതി ലഭിച്ചാലും വിസ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കാൻ സമയമെടുക്കും. അതേസമയം, ദുരിതാശ്വാസത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയിൽ ഇതുവരെ എതിർപ്പ് ഉന്നയാക്കാതിരുന്ന കേന്ദ്ര സർക്കാർ അനുമതി വൈകിപ്പിക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണെന്ന വിമർശനം സിപിഎമ്മിനുണ്ട്.
അനുമതി നിഷേധിച്ചാൽ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് നീക്കം. മലയാളികൾ ഏറെയുള്ള വിദേശ രാജ്യങ്ങളിലെ സന്ദർശനം വഴി 5,000 കോടി രൂപയോളം നവ കേരള നിർമാണത്തിനായി കണ്ടെത്താമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ.
