ലക്‌നൗ: അഴിമതിക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോദി ആദിത്യനാഥ്. പതിനഞ്ച് ദിവസത്തിനകം തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ സ്വത്തും വരുമാനവും വെളിപ്പെടുത്തണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. സത്യപ്രതിജ്ഞയ്‌ക്കുശേഷം നടന്ന കൂടിക്കാഴ്‌ചയിലാണ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അഴിമതിക്കെതിരെ ശക്തമായ നടപടികളുണ്ടാകും. അഴിമതിക്കെതിരാണ് തങ്ങളുടെ പാര്‍ട്ടിയെന്നും, അതുകൊണ്ട് മന്ത്രിമാര്‍ കളങ്കിതരാകരുതെന്നും യോഗി ആദിത്യനാഥ് യോഗത്തില്‍ പറഞ്ഞതായി പാര്‍ലമെന്ററികാര്യമന്ത്രി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ മേല്‍നോട്ടം മുഖ്യമന്ത്രി നേരിട്ട് വഹിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങള്‍ക്ക് കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാങ്കേതിക കാര്യങ്ങളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.