ഇടുക്കി: വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി മന്ത്രിമാര്‍ മൂന്നാര്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ചു. കുറിഞ്ഞി ഉദ്യാനത്തിന്‍റെ പേരില്‍ തങ്ങളെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തി. കൃത്യമായ രേഖകളുള്ളവരെ സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ അല്‍പ്പനേരം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം രാവിലെ 10 മണിയോടെയാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും എം.എം. മണിയും കെ. രാജുവും കുറിഞ്ഞി ഉദ്യാനമേഖലയിലേക്ക് പുറപ്പെട്ടത്.

60 കിലോമീറ്റര്‍ നീണ്ട ദുര്‍ഘട പാതയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് വട്ടവടയിലെത്തി. തുടര്‍ന്നുള്ള യാത്രക്കിടെ കോവിലൂരിലും പ്ലക്കാര്‍ഡുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമുയര്‍ത്തി. 450 വര്‍ഷമായി ഇവിടെ ജീവിക്കുന്ന തങ്ങളെ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിയുടെ പേരില്‍ ഒഴിപ്പിക്കരുതെന്നായിരുന്നു ആവശ്യം. വട്ടവടയിലും കൊട്ടക്കാമ്പൂരിലും മന്ത്രിമാര്‍ എത്തിയെങ്കിലും ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജടക്കം കൈയ്യേറിയ 58-ാം നമ്പര്‍ ബ്ലോക്ക് മന്ത്രി സംഘം സന്ദര്‍ശിക്കുവാന്‍ തയ്യറായില്ല.

കേരള തമിഴ്‌നാട് അതിര്‍ത്തിയായ കടവരിവരിയില്‍ മന്തിമാരുടെ യാത്ര അവസാനിച്ചു. നാളെ ജനപ്രതിനിധികളുമായി മന്ത്രിമാര്‍ മൂന്നാറില്‍ കൂടിക്കാഴ്ച നടത്തും. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ മൂന്നാറിലെത്തിയത്. വിഷയത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് ഉദ്യാനപദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.