ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍

നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി പി പരീത് (തിരൂര്‍ മലപ്പുറം), കെ കെ ഉണ്ണി (48, കെഎസ്ഇബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്‍ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റജിസ്ട്രേഷനും നിയന്ത്രണവും) ബില്ലിന്‍റെ കരട് അംഗീകരിച്ചു.

സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിളളയെ നിയമിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തിക സൃഷ്‍ടിക്കാന്‍ തീരുമാനിച്ചു.ഇപ്പോള്‍ അവധിയിലുളള ഇ രതീശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.അവധിയിലുളള വയനാട് കളക്ടര്‍ തിരുമേനിയെ ഗ്രാമവികസന കമ്മിഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട് കളക്ടറുടെ ചുമതല തല്‍ക്കാലം എഡിഎമ്മിനായിരിക്കും.