14 വയസുകാരന്‍ മരിച്ചതിന് പിന്നില്‍ കുണ്ടറ പീഡനക്കേസിലെ പ്രതിയായ മുത്തച്ഛനും മകനുമാണന്ന് കാണിച്ച് കുട്ടിയുടെ അമ്മ കൊല്ലം റൂറല്‍ എസ്‌.പിക്ക് പരാതി നല്‍കിയിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ച കൊട്ടാരക്കര ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിലാണ് ദുരൂഹതയുണ്ടെന്ന സ്ഥിരീകരണം. കുണ്ടറ പൊലീസില്‍ പ്രതിയ്‌ക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചു. സംഭവത്തെക്കുറിച്ച് തുടക്കം മുതല്‍ വീണ്ടും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2010 ജൂണ്‍ 10നാണ് കുണ്ടറ ബലാത്സംഗക്കേസിലെ പ്രതിയുടെ വീടിനടുത്ത് 14വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് കൊട്ടാരക്കര ഡി.വൈ.എസ്‌.പിയെ കൊല്ലം റൂറല്‍ എസ്.പി ചുമതലപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട് മുത്തച്ഛനേയും മകനേയും നുണ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. 

കഴിഞ ദിവസം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നുണ പരിശോധന നടത്താന്‍ തീരുമാനിച്ചത്. നുണ പരിശോധനയ്‌ക്ക് അനുമതി തേടിയുള്ള റിപ്പോര്‍ട്ട് ഉടന്‍ കൊല്ലം കോടതിയില്‍ സമര്‍പ്പിക്കും. പത്ത് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഭാര്യയേ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കാര്യമായ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാഞ്ഞിട്ടും പ്രതിയും കുടുംബവും വലിയ തോതില്‍ പണം കൈകാര്യം ചെയ്തിരുന്നത് എങ്ങിനെയെന്നും ഇതിന്റെ പിന്നില്‍ പെണ്‍വാണിഭ സംഘവുമായുള്ള ബന്ധമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.