പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക പീഡനം പരാതിയുമായെത്തിയ കുടുംബത്തിന് പൊലീസ് സ്റ്റേഷനില്‍ അപമാനം
ലക്നൗ: ഒമ്പത് വയസ്സ് കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് രക്തം വാര്ന്നൊഴുകുന്ന നിലയില് ഉപേക്ഷിച്ചു. ഉത്തര്പ്രദേശിലെ ഉനാവോയിലാണ് 25 വയസ്സ് കാരന് പെണ്കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.
രക്തം വാര്ന്നൊലിച്ച്, വേദനകൊണ്ട് പുളയുന്ന പെണ്കുട്ടിയുമായി ബന്ധുക്കള് നേരെ പോയത് തൊട്ടടുത്തുള്ള ഔറാസ് പൊലീസ് സ്റ്റേഷനിലേക്കാണ്. മണിക്കൂറുകളാണ് ആക്രമണമേറ്റ കുട്ടിയും ബന്ധുക്കളും പൊലീസ് സ്റ്റേഷനില് പരാതി നല്കാന് കാത്തിരുന്നത്.
ആരാധനയ്ക്കായി കിലോമീറ്ററുകള് താണ്ടി ട്രാക്റ്ററില് ഗംഗാ തീരത്തെത്തിയതായിരുന്നു കുടുംബം. നല്ല തിരക്കുള്ള സമയമായിരുന്നതിനാല് ട്രാക്റ്റര് ഡ്രൈവറുടെ മകന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രദേശം ശബ്ദമയമായതിനാല് കുട്ടിയുടെ കരച്ചില് ആരും കേട്ടില്ല. ഇയാള് രക്ഷപ്പെട്ടതിന് ശേഷം പെണ്കുട്ടി ഏറെ ബുദ്ധിമുട്ടി ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
കുട്ടി തിരിച്ച് വന്നപ്പോള് അവളുടെ വസ്ത്രം നിറയെ രക്തമായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു. മണിക്കൂറുകള് നീണ്ട കാത്തിരിപ്പുകള്ക്കൊടുവിലാണ് സംഭവം നടന്ന പ്രദേശം ഉള്പ്പെടുന്ന സാഫിപൂര് പൊലീസ് സ്റ്റേഷനിലേക്ക് പോകാന് പൊലീസ് നിര്ദ്ദേശിച്ചതെന്നും ബന്ധുക്കള് പറഞ്ഞു.
സംഭവത്തില് പിന്നീട് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയെന്നും ചികിത്സയില് കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി.
