നസീറിനും സുഹറയ്ക്കുമൊപ്പം ഭാര്യയേയും നാലു വയസ്സുകാരൻ മകനെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാഫി എത്തിയതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകത്തിന് റാഫിയെ പ്രേരിപ്പിച്ചത്. 

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. നസീറിനും സുഹറയ്ക്കുമൊപ്പം, ഭാര്യ സുൽഫിയത്തിനെയും നാലു വയസ്സുകാരൻ മകനെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാഫി എത്തിയതെന്ന് പൊലീസിൻ്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകം ലക്ഷ്യമിടാൻ റാഫിയെ പ്രേരിപ്പിച്ചത്. റിമാൻ്റിലുള്ള റാഫിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. കൊല നടത്താൻ സ്റ്റീൽ കത്തിയും കത്രികയും കയ്യിൽ കരുതിയാണ് പ്രതി ഒറ്റപ്പാലത്തെ സുൽഫിയത്തിന്റെ വീട്ടിലേക്ക് എത്തിയത്. സ്റ്റീൽ കത്തി കൊണ്ടാണ് നസീറിനെയും സുഹറയേയും കൊലപ്പെടുത്തിയത്. നാല് വയസ്സുകാരൻ മകനെ കത്രിക കൊണ്ടാണ് ആക്രമിച്ചത്. റാഫി മലപ്പുറം പടപ്പറമ്പ് സ്റ്റേഷനിൽ എംഡിഎംഎ കൈവശം കേസിലെ പ്രതിയെന്നും പൊലീസ് പറയുന്നു. 

റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. ഇവർ തമ്മിൽ അകന്നു താമസിക്കുകയായിരുന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിയ റാഫി ഭാര്യയെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തി. ശബ്ദം കേട്ടെത്തി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് നസീറിനും ഭാര്യ സുഹ്റയ്ക്കും വെട്ടേറ്റത്. കുട്ടിയേയും എടുത്ത് ഭാര്യ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിയുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട അവകാശത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. റാഫിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കൈയിലെ ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നു. അതേസമയം, ​ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.