മരുന്നിന്‍റെ മയക്കത്തില്‍ നിന്ന് മുക്തയാകാതെ പെണ്‍കുട്ടി അരയ്ക്ക് താഴെ തളരാന്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍

രാജ്‌കോട്ട്: അനസ്‌തേഷ്യ കുത്തി വച്ച് മയക്കിയ ശേഷം 13കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുട സുഹൃത്തായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കച്ച് ജില്ലയിലെ അഞ്ചറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തായ പ്രതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനാണ്. അനസ്‌തേഷ്യ സംഘടിപ്പിച്ചതും ഈ മേഖലയിലെ പരിചയം ഉപയോഗപ്പെടുത്തിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് വിശദീകരിച്ചത് രണ്ട് ദിവസം മുമ്പാണ്. മരുന്നിന്റെ മയക്കത്തില്‍ നിന്ന് പെണ്‍കുട്ടി പൂര്‍ണ്ണമായും ഇനിയും ഉണര്‍ന്നിട്ടില്ല. അരയ്ക്ക് താഴെ തളര്‍ന്നുപോകാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നു. 

സംഭവം പെണ്‍കുട്ടി കുടുംബത്തോട് വിശദീകരിച്ചതോടെയാണ് പൊലീസ് ഇടപെട്ട് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അഞ്ചറിനടുത്തുള്ള ഒരു ദരിദ്ര കര്‍ഷക കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി.