ദില്ലി: സെല്‍ഫി എടുക്കുകയായിരുന്ന വിദേശ ദമ്പതികളുടെ ഐ ഫോണ്‍ ഭിക്ഷക്കാരന്‍ തട്ടിയെടുത്ത് ഓടി രക്ഷപെട്ടു. ദില്ലി അക്ഷര്‍ധാം ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ബ്രസീലിയന്‍ സ്വദേശികളായ പീറ്റട്രോ ഗുസ്തവ് റോബിന്‍, ഭാര്യ ജെഴ്സി എന്നിവര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ തൊട്ടടുത്ത് ഭിക്ഷ യാചിച്ചിരുന്ന കുട്ടിയാണ് ഐ ഫോണ്‍ തട്ടിയെടുത്തത്. ആദ്യം ഭിക്ഷ ചോദിച്ചെങ്കിലും ഇരുവരും നല്‍കിയില്ല. തുടര്‍ന്ന് അല്‍പനേരം കാത്തിരുന്ന ശേഷം ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ഫോണ്‍ കൈക്കലാക്കിയ കുട്ടി ഉടന്‍ ഓടി രക്ഷപെട്ടു.  ഇരുവരും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഒരു മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടി. ബ്രസീലില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്ന പീറ്റട്രോ ഗുസ്തവ് റോബിനും അഭിഭാഷകയായ ജെഴ്സിയും വിവാഹശേഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയതായിരുന്നു.