പിറവം: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ക്രോണില്‍ നിന്നും മിഷേല്‍ നിരന്തര ഭീഷണി നേരിട്ടിരുന്നതായി പോലീസ് പറയുന്നു. സംഭവം ആത്മഹത്യയാണെന്നും നിരന്തര മാനസീക പീഡനം മിഷേലിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും പോലീസിന്‍റെ നിലവിലെ കണ്ടെത്തല്‍. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണില്‍ നിന്നും രക്ഷപ്പെടാനായി മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നതായി സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. 

പക്ഷേ ഇക്കാര്യം അറിഞ്ഞ മിഷേല്‍ അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു. മിഷെലിന്‍റെ സഹപാഠിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു. ഇതിനൊപ്പം നേരത്തേ കോട്ടയത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കെ മിഷേലുമായി അടുത്ത മറ്റൊരു യുവാവിനെയും ക്രോണ്‍ ഇങ്ങിനെ ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. 

അതേ സമയം മരിച്ച സി.എ. വിദ്യാർഥിനി മിഷേൽ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി പിറവം സ്വദേശി അമലിന്‍റെ മൊഴി. വല്ലാർപാടം പള്ളി കഴിഞ്ഞ ബോൾഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തുവച്ചാണ് പെണ്‍കുട്ടിയെ കണ്ടതെന്നും അമൽ പറഞ്ഞു. അതുവഴി ബൈക്കിൽ വന്നപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടത്. സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടി നിർത്തി തിരിഞ്ഞുനോക്കിയപ്പോൾ പെണ്‍കുട്ടിയെ കാണാൻ കഴിഞ്ഞില്ലെന്നും അമൽ പറഞ്ഞു. 

രണ്ടുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി കായലിൽ മുങ്ങിമരിച്ചതായുള്ള പത്രവാർത്ത കണ്ടത്. എന്നാൽ മിഷേലിനെ തന്നെയാണ് കണ്ടതെന്ന് ഉറപ്പില്ലെന്നും സംഭവത്തെക്കുറിച്ച് പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിട്ടുണ്ടെന്നും അമൽ പറഞ്ഞു. 

മിഷേലുമായി സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞായിരുന്നു ഭീഷണി. ക്രോണിന്‍ കടുത്ത സംശയരോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മിഷേല്‍ പല തവണ ശ്രമിച്ചതാണ്. എന്നാല്‍ മാപ്പ് പറഞ്ഞ് ഇത് ഇയാള്‍ തുടരുകയായിരുന്നു. 
ബന്ധത്തില്‍ നിന്നും മിഷേല്‍ പിന്മാറാതിരിക്കാന്‍ ക്രോണിന്‍ ഭീഷണിയുടെ ഭാഷയും ഉപയോഗിച്ചിരുന്നു. ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ 'കൊന്നുകളയും' എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാള്‍ മിഷേലിനയച്ചത്.

 മൂന്നുതവണ ഫോണ്‍ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേല്‍ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചന ആയിരുന്നെന്നാണ് പോലീസ് നിഗമനം. ഛത്തീസ്ഗഡിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. മറ്റു രണ്ടു പെണ്‍കുട്ടികളെയും ക്രോണിന്‍ ചതിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

അതേ സമയം സംഭവത്തില്‍ പോലീസ് കാട്ടിയ നിഷ്‌ക്രിയത്വത്തിനെതിരെ മിഷെലിന്‍റെ പിതാവ് ഷാജി രംഗത്ത് എത്തിയിട്ടുണ്ട്. മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന പോലീസ് സ്ഥിരീകരണം തള്ളിയാണ് കുടുംബം രംഗത്ത് എത്തിയത്. കുടുംബാംഗങ്ങള്‍ ഇന്ന് അന്വേഷണ സംഘത്തെ കാണുന്നുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മഹത്യയെങ്കില്‍ കാരണവും പോലീസ് വ്യക്തമാക്കണമെന്ന് പിതാവ് ഷാജി പറഞ്ഞു.

സംഭവത്തിന് തൊട്ടു മുമ്പ് വരെ മിഷേല്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ ശേഷം മകള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പറഞ്ഞു. അതുപോലെ തന്നെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെക്കുറിച്ച് അറിയില്ലെന്നാണ് മിഷേലിന്റെ കുടുംബം പറയുന്നത്. ക്രോണിനെക്കുറിച്ച് മകള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്നാല്‍ ക്രോണിനെതിരേ മിഷേലിന്റെ സഹപാഠിയുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയായിരുന്നു മൊഴിയെടുക്കല്‍.

സംഭവത്തിലെ ദുരൂഹതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ആക്ഷന്‍ കൗണ്‍സില്‍ പിറവത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. കേസില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ക്രോണിന്റെ നിരന്തര സമ്മര്‍ദ്ദമാണ് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും പിതാവ് ഷാജി പറഞ്ഞു.