ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്‍റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്. 

കോട്ടയം:ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്‍റെ മൃതദേഹം മീനച്ചിലാറില്‍ കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്‍റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്. 

കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി അര്‍ജന്‍റീനയടെ മത്സരം കഴിഞ്ഞ ശേഷം അസ്വസ്ഥനായി കാണപ്പെട്ട ഡിനു വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് സ്വന്തം മുറിയില്‍ കുറിപ്പെഴുതി വച്ച ശേഷമാണ് വീട്ടില്‍ നിന്നും പോയത്. 

വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ പോലീസ് യുവാവിനെ കണ്ടെത്താന്‍ പോലീസ് നായയെ വരുത്തിച്ച് പരിശോധന നടത്തി. ഡിനുവിന്‍റെ വീട്ടില്‍ നിന്നും നായ സമീപത്തെ പുഴയോരത്ത് വന്നു നിന്നതോടെ യുവാവ് ആറ്റില്‍ ചാടിയിട്ടുണ്ടാവാം എന്ന നിഗമനത്തിലേക്ക് പോലീസെത്തി. 

എന്നാല്‍ രണ്ട് ദിവസം തിരഞ്ഞിട്ടും ഡിനുവിനെ കണ്ടെത്താതെ വന്നതോടെ ഡിനു നാടുവിട്ടതാക്കാമെന്നും തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടാണ് ഞായറാഴ്ച്ച രാവിലെ ഡിനുവിന്‍റെ മൃതദേഹം കണ്ടെടുത്തത്. 

ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായിരുന്നു ഡിനുവെന്ന് ബന്ധുകളും സുഹൃത്തുകളും പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. മെസ്സിയുടെ മോശം പ്രകടനം തന്നെ അസ്വസ്ഥനാക്കിയെന്ന് ഡിനു എഴുതിയ കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ തന്നെ ഇയാള്‍ക്ക് ആത്മഹത്യ പ്രേരണ ഉണ്ടായിരുന്നുവെന്നും പത്താം ക്ലാസ്സ് പരീക്ഷ തോറ്റന്പോള്‍ നാടു വിട്ടു പോയിരുന്നുവെന്നും വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.