പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്
പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.
പീഠം കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. പീഠം കാണാതായതിലെ വിവാദം ആദ്യം റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസാണ്.



