നൗത്യാല്‍ ഇഷ്രത്ത് അലിയെ പരിചയപ്പെട്ടത് കൊല്ലപ്പെടുന്നതിന്‍റെ പത്ത് ദിവസം മുമ്പ് പരിചയം ഡേറ്റിംഗ് ആപ്പ് വഴി

ദില്ലി: ഒരാഴ്ച മുമ്പ് കാണാതായ ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ആയുഷ് നൗത്യാലി(21)നെ കൊന്നത് പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട സുഹൃത്തെന്ന് പൊലീസ്. കൊല്ലപ്പെടുന്നതിന്‍റെ പത്ത് ദിവസം മുമ്പാണ് ഡേറ്റിംഗ് ആപ്പുവഴി ആയുഷ് നൗത്യാല്‍ 25 കാരനായ ഇഷ്രത്ത് അലിയെ പരിചയപ്പെട്ടത്. 

മാര്‍ച്ച് 22 ന് കാണാതായ നൗത്യാലിന്‍റെ മൃതദേഹം മാര്‍ച്ച് 28നാണ് പൊലീസ് അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ദ്വാരകയിലെ നൗത്യാലിന്‍റെ വീട്ടില്‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. തുടര്‍ന്ന് സംഘം 50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. 

ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയപ്പെട്ട 10 ദിവസത്തിനകം ഇരുവരും മൂന്ന് തവണ നേരിട്ട് കണ്ടിരുന്നു. സംഭവം നടക്കുന്ന ദിവസം വൈകീട്ട് ദ്വാരകയ്ക്കടുത്തുള്ള ഭക്ഷണശാലയില്‍വച്ചും ഇവര്‍ കണ്ടിരുന്നു. 

മാര്‍ച്ച് 22ന് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായതായും തുടര്‍ന്ന് നൗത്യാലിനെ താന്‍ ചുറ്റിക വച്ച് അടിച്ചുകൊല്ലുകയായിരുന്നുവെന്നും ഇഷ്രത്ത് പൊലീസിന് മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. ഇഷ്രത്ത്. നൗത്യാവലിനെ കൊല്ലുകയായിരുന്നുവെന്നും തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

നൗത്യാലിനായുള്ള അന്വേഷണത്തെ വഴി തിരിച്ചുവിടാനായാണ് ഇഷ്രത്ത് സംഭവത്തെ തട്ടിക്കൊണ്ടുപോകലായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഇതിനായി നൗത്യാലിന്‍റെ പിതാവിനെ വാട്സാപ്പില്‍ വിളിക്കുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. 

കേളേജിലേക്ക് പോകാനിറങ്ങിയ നൗത്യാല്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. നൗത്യാലിന്‍റെ ഫോണില്‍നിന്ന് അയച്ച സന്ദേശത്തില്‍ മോചന ദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഒപ്പം നൗത്യാലിന് മാരകമായി മുറിവേറ്റ ചിത്രങ്ങളും ഇഷ്രത്ത് അയച്ചിരുന്നു.

തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപ സംഘടിപ്പിച്ച കുടംബം ഇത് കൈമാറാന്‍ തയ്യാറായെങ്കിലും നല്‍കാനായില്ല. രാംലാല്‍ ആനന്ദ് കോളേജിലെ അവസാന വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് നൗത്യാല്‍.