ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കൂട്ടത്തിലായിരുന്നു ശിലുവയ്യന്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫ്ലക്സും തൂക്കിയിരുന്നു

തിരുവനന്തപുരം: പിതാവ് ജീവനോടെ തിരിച്ചു വരണമെന്ന ആന്‍റണിയുടെ മനമുരുകിയ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസില്‍ ശിലുവയ്യന്‍ (55) തിരിച്ചെത്തി. കടലിന്‍റെ കനിവ് തേടിപ്പോയ തീരദേശ വാസികളെ ദുരിതത്തിലാക്കിയ ഓഖി ദുരന്തത്തിൽ കാണാതായവരുടെ കൂട്ടത്തില്‍ നിന്നാണ് ശിലു വയ്യൻ തിരിച്ചെത്തിയത്.

ഇരുവരുടെയും ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിനമാണ് കടന്നുപോയത്. മൂന്ന് മാസങ്ങൾക്ക് മുൻപ് നഷ്ടമായെന്ന് കരുതിയ പിതാവ് അപ്രതീക്ഷിതമായി കൺമുന്നിൽ എത്തിയതിന്‍റെ ഞെട്ടൽ മാറിയില്ലെന്ന് പറയുമ്പോഴും അപ്രതീക്ഷിതമായി അച്ഛനെ കണ്ടുകിട്ടിയതിന്‍റെ അടക്കാനാകാത്ത സന്തോഷത്തിലാണ് ആൻറണിയെന്ന പതിനെട്ടുകാരൻ. ശിലുവയ്യന് ആദരാഞ്ജലി അര്‍പ്പിച്ച് വീടിന് സമീപത്തെ മരത്തില്‍ തൂക്കിയിട്ടിരുന്ന ഫ്ലക്സ് ബോര്‍ഡും ആന്‍റണി താഴെയിറക്കി.

ഭാര്യ നേരത്തേ മരണപ്പെട്ട ശിലുവയ്യന്‍റെ സ്വപ്നം മകന്‍ ആന്‍റണിയുടെ ഭാവിയും സ്വന്തമായൊരു കിടപ്പാടവുമായിരുന്നു. നവംബര്‍ ആദ്യവാരമാണ് വിഴിഞ്ഞം സ്വദേശികള്‍ക്കൊപ്പം മീന്‍ പിടിക്കാനായി ശിലുവയ്യന്‍ കാസര്‍ഗോട്ടേക്ക് ട്രെയിന്‍ കയറിയത്. മമ്മദ് എന്നയാളുടെ വള്ളത്തില്‍ നാലംഗസംഘം കടലിലിറങ്ങി. നവംബര്‍ 30 ന് ആഞ്ഞുവീശിയ ഓഖിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ശിലുവയ്യന് കാസര്‍ഗോഡ് തന്നെ കഴിയേണ്ടി വന്നു. എന്നാല്‍ ബന്ധുക്കളുടെ നിരന്തര ഫോണ്‍ കോളുകള്‍ എത്തിയതോടെ വിഴിഞ്ഞം സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി.

നാടുമായി ബന്ധപ്പെടാന്‍ മൊബൈൽ ഫോണോ കയ്യില്‍ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ കൂടെയുള്ളവരുടെ തിരിച്ചു വരവും കാത്ത് ശിലുവയ്യൻ അവിടെ തങ്ങി. പണമില്ലാതെ നാട്ടിലേക്ക് വന്നാലുള്ള ഗതികേടോർത്ത് വീണ്ടും കടലിൽ വള്ളമിറക്കാമെന്ന പ്രതീക്ഷയോടെ ശിലുവയ്യൻ മാസങ്ങളോളം പിടിച്ചു നില്‍ക്കുകയായിരുന്നു. ശിലുവയ്യനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നാട്ടുകാര്‍ക്ക് ലഭിക്കാതെ വന്നതോടെ അടിമലത്തുറയില്‍ ഓഖിയെ തുടര്‍ന്ന് തിരിച്ചുവരാത്തവരുടെ ഗണത്തില്‍ ശിലുവയ്യനും കടന്നുകൂടി.

എന്നാല്‍ ബന്ധുവിന്‍റെ തണലിൽ കഴിയുന്ന ശിലുവയ്യന്‍റെ ഏക മകൻ ആന്‍റണി കർത്താവിന്‍റെ ചില്ലിട്ട പടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് അച്ചനെ മടക്കി തരണമേ എന്ന് ദിവസവും പ്രാർത്ഥന തുടർന്നു. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി തിരിച്ചു വരാത്തവരുടെ കുട്ടത്തിൽപ്പെടുത്തി രണ്ട് ഫ്ലക്സ് ബോർഡുകൾ തൂക്കിയപ്പോഴും. മറ്റുള്ള ബോർഡുകളിൽ നിന്ന് വ്യത്യസ്തമായി ആന്‍റണി ഇങ്ങനെ കുറിച്ചു. 'എന്നെങ്കിലും തിരിച്ചു വരണമേ എന്ന പ്രാർത്ഥനയോടെ'. 

ആന്‍റണിയുടെ പ്രാര്‍ത്ഥനക്ക് മൂന്നുമാസത്തിന് ശേഷം ഉത്തരം ലഭിച്ചു. കാസർഗോഡ് ദിവസങ്ങളോളം അലഞ്ഞ ശിലുവയ്യന്‍ കടം വാങ്ങിയ പണവുമായി നാട്ടിലേക്ക് വണ്ടികയറി. കഴിഞ്ഞ ദിവസം വൈകുന്നേരം അടിമലത്തുറയിൽ എത്തി. വീടിന് മുന്നിൽ ആദരാഞ്ജലിയർപ്പിച്ചുള്ള തന്‍റെ ചിത്രം പതിച്ചബോർഡുകണ്ട ഞെട്ടിയെങ്കിലും മകനെ കണ്ട സന്തോഷത്തിലാണ് ശിലുവയ്യന്‍. അച്ഛന്‍റെയും മകന്‍റെയും സന്തോഷത്തിന് സാക്ഷികളാകാന്‍ നാട്ടുകാരുമെത്തി.