കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലുമാണ് ഇന്ന് സഭയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്താതിരുന്നത്.

ബംഗളുരു: കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കവെ കാണാതായ രണ്ട് എംഎല്‍എമാരും ഹോട്ടല്‍ മുറിയിലുണ്ടെന്ന് കണ്ടെത്തി. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനായി നേതാക്കള്‍ മുറിയിലെത്തിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ പൊലീസ് സന്നാഹം ഹോട്ടലിന്റെ പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലുമാണ് ഇന്ന് സഭയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്താതിരുന്നത്. ആനന്ദ് സിങിനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലുണ്ടായിരുന്ന പ്രതാപ് ഗൗഡ പാട്ടീല്‍ പിന്നീട് സുഖമില്ലെന്ന് പറഞ്ഞ് പുറത്തുപോവുകയായിരുന്നു. ഇവര്‍ എന്‍ഫോഴ്‍സ്മെന്റ് കസ്റ്റഡിയിലാണെന്നും അതല്ല ബിജെപി നേതാക്കള്‍ ഇവരെ തട്ടിയെടുത്തുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇവരെ ബംഗളുരുവിലെ ഹോട്ടലില്‍ തന്നെ കണ്ടെത്തിയത്. ബിജെപി സംഘത്തോടൊപ്പമുണ്ടായിരുന്ന അവരെ ആരോപണങ്ങള്‍ ഭയന്ന് ബിജെപി നേതാക്കള്‍ തന്നെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു. 
രണ്ട് പേരുമായും ചര്‍ച്ച നടത്താനുള്ള ശ്രമമാണ് ഡി.കെ സുരേഷും ജെ.ഡി.എസ് നേതാവ് രേവണ്ണയും നടത്തുന്നത്.