തിരുവനന്തപുരം: 2008 ല്‍ ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യാവിഷന്‍ ഡെപ്യുട്ടി ന്യൂസ് എഡിറ്റര്‍ സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നയാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച പരാതിയിന്മേലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അടിയന്തിര ഇടപെടല്‍. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിക്കാരനായ രഞ്ജിത്തിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം. 

സോണി ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം പിന്നിടുകയാണ്. ഇന്‍ഡ്യാവിഷന്‍ റിപ്പോര്‍ട്ടറായി ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബര്‍ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. ആത്മീയതയോടെ കമ്പമുണ്ടായിരുന്ന സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. തുടര്‍ന്ന് ഭാര്യ ഡോ.സീമ പോലീസില്‍ പരാതി നല്‍കി. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈല്‍ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.